തൃശൂര്‍- പൂജാ ബംബര്‍ ഒന്നാംസമ്മാനമടിച്ച ടിക്കറ്റിനെ ചൊല്ലി ആശയക്കുഴപ്പവും അവകാശ തര്‍ക്കവും. പത്തു കോടിയുടെ സമ്മാനമുള്ള ടിക്കറ്റ് തന്റേതാണെന്നും തന്റെ കയ്യില്‍ നിന്ന് ടിക്കറ്റ് നഷ്ടപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ പാറളം വെങ്ങിണിശേരി കുന്നത്തുള്ളി പുളിക്കല്‍ വീട്ടില്‍ കെ.വി.സജീവന്‍ എന്ന ഓട്ടോ െ്രെഡവര്‍ തൃശൂര്‍ ജില്ല ലോട്ടറി ഓഫീസില്‍ പരാതി നല്‍കി.
ഇത് സംസ്ഥാന ലോട്ടറി ഡയറക്ടറിലേക്ക് കൈമാറിയിട്ടുണ്ട്.
ഇതിനിടെ ഒന്നാം സമ്മാനമായ ടിക്കറ്റ് ഡയറക്ടറേറ്റില്‍ പി.ആര്‍.രഞ്ജിത്ത് എന്നയാള്‍ ഹാജരാക്കിയിട്ടുണ്ട്. പരാതി നല്‍കിയ സജീവന്‍ തൃശൂര്‍ പുതൂര്‍ക്കര രേവതി മൂലയില്‍ ഓട്ടോ ഓടിക്കുന്നയാളാണ്.
ഗുരുവായൂരിലേക്ക് വാടക പോയപ്പോള്‍ അവിടെ നിന്നും രണ്ടു തവണയായി രണ്ടു ടിക്കറ്റുകളെടുത്തുവെന്നും അതിലൊന്നിനാണ് ഒന്നാംസമ്മാനമടിച്ചതെന്നുമാണ് സജീവന്‍ പറയുന്നത്. രണ്ടുടിക്കറ്റെടുത്തത് ഓര്‍മയുണ്ടായിരുന്നില്ലെന്നും ഒരെണ്ണത്തിന്റെ മാത്രം ഫലമാണ് നോക്കിയതെന്നും സജീവന്‍ പറയുന്നു.
ഗുരുവായൂര്‍ കിഴക്കേ നടയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് വിറ്റിരിക്കുന്നത്. പത്തു ടിക്കറ്റുകളാണ് ഇവിടെ നിന്ന് വിറ്റിട്ടുള്ളത്. അതിലൊന്നിനാണ് ഒന്നാംസമ്മാനം കിട്ടിയത്. ലോട്ടറി ഡയറക്ടറേറ്റിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രഞ്ജിത്തും സജീവനും.