ദമാം- കേരളത്തിൽ ശശി തരൂർ എം.പിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വിവാദങ്ങൾ ഒഴിവാക്കേണ്ടതാണെന്നും എ.ഐ.സി.സി നേതൃത്വവും കേരള നേതാക്കളും ഇടപെട്ട് വിവാദങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിലെ ഇടതു സർക്കാർ തികഞ്ഞ പരാജയമാണെന്നും അഴിമതിയുടെ കാര്യത്തിൽ കേന്ദ്രത്തിലെ ബി.ജെ.പിയും കേരളത്തിലെ ഇടതുപക്ഷ സർക്കാരും ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹ്രസ്വ സന്ദർശനാർത്ഥം ദാമാമിലെത്തിയ ഡീൻ കുര്യാക്കോസ് മലയാളം ന്യൂസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
കേന്ദ്രത്തിലെ മുൻ ബി.ജെ.പി സർക്കാർ നടത്തിയ ശവപ്പെട്ടി കുംഭ കോണത്തിനു സമാനമാണ് കേരളത്തിൽ കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതി. കോവിഡിന്റെ മറവിൽ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വീണ്ടും അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാർ ജനങ്ങളിൽ നിന്നും കോടതികളിൽ നിന്നും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങുകയാണ്. എന്നിട്ടും ഒരു ലജ്ജയുമില്ലാതെ കടിച്ചു തൂങ്ങിക്കഴിയുന്ന ഈ സർക്കാർ പൂർണമായും ജനങ്ങളിൽ നിന്നും അകന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള വികസനത്തിന് കോൺഗ്രസ് എതിരല്ലെന്നും വികസനം നടപ്പിലാക്കുന്നതിലെ പാകപ്പിഴവുകളെയാണ് എതിർക്കുന്നതെന്നും ഇടുക്കി എം.പി പറഞ്ഞു. വികസനം വേണ്ടെന്നു പറയാൻ ആർക്കും കഴിയില്ല. അത് സമയ ബന്ധിതമായി പൂർത്തീകരിക്കുകയാണ് സർക്കാരിന്റെ കടമ. അതിലുണ്ടായ പാകപ്പിഴവാണ് വിഴിഞ്ഞത്ത് സംഭവിച്ചത്. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ആർക്കെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകലും സർക്കാരിന്റെ ബാധ്യതയാണ്. സമരം ചെയ്യുന്നവരെ പൂർണമായും വിശ്വാസത്തിലെടുത്ത് അവർക്ക് പുനരധിവാസ പദ്ധതികൾ നടപ്പിലാക്കാനും അവരുടെ ആവസ വ്യവസ്ഥകൾക്ക് ഒരു പോറലുമേൽക്കാതെ നടപ്പിലാക്കാനും കഴിയാത്തതാണ് സർക്കാരിന്റെ പരാജയം. പ്രശ്നപരിഹാരത്തിന് ഇപ്പോഴത്തെ സർക്കാർ ഇടപെടൽ ഏറെ വൈകി. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിൽ ആദ്യം മുതൽ ഏറെ സഹകരിച്ചവരാണ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇപ്പോൾ സമര രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് അനാവശ്യമാണെന്നും അത് ജനങ്ങളിൽ പുകമറ സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഗവർണറെ ബി.ജെ.പി വക്താവായി ചിത്രീകരിക്കുകയും ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നു എന്ന വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രതിക്കൂട്ടിലാവുന്ന പല സന്ദർഭങ്ങളിലും ഗവർണർ സർക്കാരിന് അനുകൂല സമീപനം സ്വീകരിച്ചതും നാം കണ്ടതാണ്. എന്നാൽ ഗവർണർ ഇപ്പോൾ എടുക്കുന്ന എല്ലാ നിലപാടുകളും ശരിയാണെന്ന നിലപാട് കോൺഗ്രസിനില്ല. അതുകൊണ്ട് ഈ പ്രശ്നത്തിൽ കക്ഷി ചേരാൻ തൽക്കാലം യു.ഡി.എഫ് ഇല്ല.
കേന്ദ്ര സർക്കാരിന്റെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും മനം നൊന്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയിലൂടെ മുഴങ്ങിക്കേൾക്കുന്നതെന്നും മോഡി സർക്കാരിനെതിരെയുള്ള വലിയ ബഹുജന സമരമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മൂവായിരത്തഞ്ഞൂറോളം കിലോമീറ്റർ കാൽനടയായി നടത്തുന്ന ഈ പ്രക്ഷോഭം അവസാനിക്കുമ്പോൾ ഗിന്നസ് ബുക്കിൽ ഇടംപിടിക്കും. ഒരു രാഷ്ട്രീയ പാർട്ടിയോ നേതാവോ ലോക ചരിത്രത്തിൽ ഇത്ര ദൂരം നടന്നു സമരം ചെയ്തത് ആദ്യ സംഭവമാണെന്നും ഇത് ഇന്ത്യയിലെ ജനങ്ങൾ നെഞ്ചോട് ചേർത്തതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വികാരവും അവരുടെ നിരാശയുമാണ് ഈ സമരത്തിൽ ഉയർന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോർപറേറ്റ് ഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. രാജ്യത്ത് സ്ത്രീ പീഡനം വർധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നതായും ഇതിന്റെ മാറ്റൊലികൾ യു.പിയിലും ബിഹാറിലും തുടങ്ങിയതായും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യയിലെ ജനവികാരം ഉൾക്കൊണ്ട് കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തുമെന്നും ബഹുഭൂരിപക്ഷത്തോടെ കേന്ദ്ര ഭരണത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.