റിയാദ് - തന്റെ സ്വത്തുക്കള്‍ മുഴുവന്‍ മകന്‍ തട്ടിയെടുത്തതായി യെമന്‍ വ്യവസായിയും അഹ്മദ് അബ്ദുല്ല അല്‍ശൈബാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ അഹ്മദ് അബ്ദുല്ല അല്‍ശൈബാനി ആരോപിച്ചു. ചികിത്സക്കായി വിദേശത്തേക്ക് പോയ സമയത്താണ് കമ്പനികളും വസ്തുവകകളും മകന്‍ തട്ടിയെടുത്തതെന്ന് ജോര്‍ദാനില്‍ ചികിത്സയില്‍ കഴിയുന്ന അഹ്മദ് അബ്ദുല്ല അല്‍ശൈബാനി പറഞ്ഞു. രോഗം ബാധിച്ചപ്പോള്‍ വിദേശ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്നതു വരെ കമ്പനികളും സ്വത്തുവകകളും നോക്കിനടത്താന്‍ താന്‍ മകന്‍ അബൂബക്കറിനെ ഏല്‍പിക്കുകയായിരുന്നു.
എന്നാല്‍ ഇവയല്ലാം മകന്‍ പിന്നീട് തട്ടിയെടുക്കുകയും സമ്പത്തെല്ലാം തനിക്ക് നിഷേധിക്കുകയുമായിരുന്നു. അഹ്മദ് അബ്ദുല്ല അല്‍ശൈബാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒ ആയും മാറിയ മകന്‍ അബൂബക്കര്‍ താന്‍ മരണപ്പെട്ടെന്നാണ് മറ്റുള്ളവരെ അറിയിച്ചത്. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. തന്റെ സ്വത്തുവകകള്‍ വീണ്ടെടുക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം എല്ലാവരും തന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ അഹ്മദ് അബ്ദുല്ല അല്‍ശൈബാനി പറഞ്ഞു.