കോട്ടയം - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്കെതിരെ രൂക്ഷ വിമർശവുമായി കോട്ടയം ഡി.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ പിന്തുണക്കുന്ന കുറിപ്പിലാണ് എം.പിക്കെതിരെ കടുത്ത പരാമർശമുള്ളത്. പോസ്റ്റ് വിവാദത്തിലായതോടെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തു നീക്കിയിട്ടുണ്ട്.
'സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാര്‌ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്' എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. പോസ്റ്റ് വിവാദമായതോടെ തലക്കെട്ട് നീക്കം ചെയ്തു. തുടർന്നുള്ള കുറിപ്പ് ഡി.സി.സി പേജിലുണ്ട്
'സി.പി.എമ്മിന്റെ കുത്തകയായിരുന്ന നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ചു പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങൾ പ്രവർത്തിച്ചാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല.' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഡി.സി.സിയുടെ പേജിൽ തന്നെയാണോയെന്ന് അറിയില്ലെന്നും തന്റെ അറിവോടെയല്ല പോസ്റ്റ് എന്നുമാണ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വിശദീകരണം.
ശശി തരൂരിന്റെ കോട്ടയം പര്യടനവുമായി ബന്ധപ്പെട്ട് നാട്ടകം സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസിസിയെ അറിയിച്ചില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ തന്റെ എല്ലാ പരിപാടികളും ഡി.സി.സിയെ അറിയിച്ചാണെന്നും അവശ്യമെങ്കിൽ തെളിവുനൽകാൻ തയ്യാറാണെന്നും തരൂർ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ പോസ്റ്റ് വിവാദം.
വിവാദങ്ങൾക്കിടെ കേരള പര്യടനം തുടരുകയാണ് ശശി തരൂർ. ഇന്ന് രാവിലെ സിറോ മലബാർ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്റ് മൗണ്ട് തോമസിലെത്തിയ തരൂർ കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ചക്ക് ശേഷം തരൂർ പ്രതികരിച്ചു. രണ്ട് വിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകണം. കോട്ടയത്ത് എല്ലാവരെയും അറിയിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും തരൂർ ആവർത്തിച്ചു.