കോട്ടയം-കോടിമത ബോട്ട്ജെട്ടിയില്‍ നിന്ന് ആലപ്പുഴയിലേക്ക് നടത്തുന്ന സര്‍വീസ് ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. കായല്‍ തീരത്തെ ഗ്രാമീണ ഭംഗിയും കായല്‍ സൗന്ദര്യവും ആസ്വദിച്ച് ആലപ്പുഴ വരെയുള്ള ബോട്ട് യാത്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ്. കുറഞ്ഞ ചെലവില്‍, ഒരു ദിവസത്തെ ബജറ്റില്‍ വിനോദയാത്ര നടത്തുന്നവര്‍ക്ക് ഉപകാരപ്രദമാണ് സര്‍വീസ് ബോട്ടിലെ കായല്‍ യാത്ര. 29 രൂപയാണ് ചാര്‍ജ്. മൂന്ന് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്.
ജില്ലയിലെ പ്രദേശിക വിനോദസഞ്ചാരികളെ കൂടാതെ, അന്യജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. ബുക്ക് ചെയ്തെത്തുന്നവര്‍ കൂടുതലായതിനാല്‍ പലപ്പോഴും അഡീഷണല്‍ സര്‍വീസും നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ക്രിസ്തുമസ് അവധിക്കാലത്ത് ഇതു വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ടൂറിസ്റ്റുകളെത്താനിടയുണ്ട്.