അൽ ഖോർ- ലോകകപ്പ് ഫുട്‌ബോളിൽ ക്വാർട്ടറിലെ രണ്ടാമത്തെ മത്സരവും തീ പാറും. അർജന്റീന-നെതർലാന്റ്‌സ് പോരാട്ടത്തിന്റെ ആവേശക്കാഴ്ചയുടെ പിറ്റേന്ന് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടും. സെനഗലിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. നേരത്തെ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീനയും ക്വാർട്ടർ പ്രവേശനം നേടിയിരുന്നു.
ജോർദാൻ ഹെൻഡേഴ്സണും ഹാരി കെയ്നും ക്ലിനിക്കൽ ഫിനിഷിംഗിലൂടെ പകുതി സമയത്തിന് മുമ്പു തന്നെ സെനഗലിന് മേൽ മേധാവിത്വം നേടിയിരുന്നു. അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ സെനഗലാണ് പോരാട്ടത്തിന് തുടക്കമിട്ടതെങ്കിലും ഗോളുകൾ വീഴ്ത്തിയത് ഇംഗ്ലണ്ടായിരുന്നു. മൂന്നാമത്തെ ഗോൾ പകുതിയ സമയത്തിന് ശേഷം ബുക്കായോ സാക്കയാണ് നേടിയത്. ഞായറാഴ്ചയും ഗോൾ നേടിയതോടെ ഹാരി കെയ്ൻ പ്രധാന ടൂർണമെന്റുകളിൽ നേടുന്ന ഗോളുകളുടെ എണ്ണം 11 ആയി. ശനിയാഴ്ച അൽ ഖോർ സ്‌റ്റേഡിയത്തിലാണ് ഫ്രാൻസ്-ഇംഗ്ലണ്ട് പോരാട്ടം.
കളിയുടെ തുടക്കത്തിൽ ലീഡ് നേടാനുള്ള അവസരം സെനഗലിന് ലഭിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ട് ഗോളിയുടെ നീക്കം ആ സാധ്യത തടഞ്ഞു.
അതേസമയം, ഫ്രാൻസുമായുള്ള മത്സരം കടുപ്പമേറിയതാകുമെന്ന് ഇംഗ്ലണ്ട് താരം സൗത്ത് ഗേറ്റ് പറഞ്ഞു. 'അതിശയകരമായ ടൂർണമെന്റ് റെക്കോർഡും ചില മികച്ച വ്യക്തികളുമുള്ള ഒരു മികച്ച ടീമാണ് ഫ്രാൻസ്. സാധ്യമായ ഏറ്റവും ഉയർന്ന നില കണ്ടെത്തേണ്ട ഗെയിമാണിതെന്നും സൗത്ത്‌ഗേറ്റ് പറഞ്ഞു.