തിരുവനന്തപുരം-പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ 9 വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. വിസിമാര്‍ക്ക് നേരിട്ട് ഹാജരാകാം അല്ലെങ്കില്‍ അഭിഭാഷകരെ ചുമതലപ്പെടുത്താം.12 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്താനാണ് നോട്ടീസ്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗ നിര്‍ദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാര്‍ക്ക് തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു അവസാനിച്ചത്. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.
കുഫോസില്‍ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിച്ചിരിക്കുകയാണ് സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍. ഹൈക്കോടതി വിധിക്കെതിര നാലാം എതിര്‍കക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. സര്‍വകലാശാല ധനകാര്യ വിഭാഗത്തിന്റെ അഭിപ്രായം തേടാതെയാണ് തിടുക്കത്തിലുള്ള നീക്കങ്ങള്‍. അഭിഭാഷകന് വേണ്ടി നല്‍കേണ്ട ഫീസ് തനത് ഫണ്ടില്‍ നിന്നാണ് ചെലവഴിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസില്‍ നിന്നടക്കം ഇതിനായി തുക വകമാറ്റേണ്ടി വരും. റിജി ജോണിന്റെ ഭാര്യ റോസ്ലിന്‍ ജോര്‍ജിനെയാണ് താത്കാലിക വിസിയായി നിയമിച്ചത്. റോസ്ലിന്‍ ജോര്‍ജിന്റെ നടപടികള്‍ക്കെതിരെയും ആക്ഷേപങ്ങളുണ്ട്. റോസ്ലിന്‍ ജോര്‍ജിന് ഇടത് സംഘടനകളുടെയും പിന്തുണയുണ്ട്