ദോഹ- ആയിരാമത്തെ മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ച് ലയണൽ മെസി. ഓസ്‌ട്രേലിയക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ജയിച്ചത്. കളിയുടെ ആദ്യപകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ ഒരു ഗോളും നേടിയാണ് അർജന്റീന വിജയിച്ചത്. ഒരു സെൽഫ് ഗോളും അർജന്റീന വഴങ്ങി. കളിയുടെ 35-ാം മിനിറ്റിൽ ലയണൽ മെസിയാണ് ആദ്യ ഗോൾ നേടിയത്. 57-ാം മിനിറ്റിൽ ജൂലിയൻ അൽവാരസും ഓസ്‌ട്രേലിയയുടെ വല ചലിപ്പിച്ചു. എന്നാൽ 77-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ കളിയുടെ പിരിമുറുക്കം കൂട്ടി. അവസാന നിമിഷം വരെ കൂടുതൽ നേരം പന്ത് കൈവശം വെച്ചിട്ടും അർജന്റീനക്ക് പിന്നീട് ഗോളുകൾ നേടാനായില്ല. ഗോളെന്നുറപ്പിച്ച ഒട്ടേറെ സന്ദർഭങ്ങൾ പാഴായി. അവസാന നിമിഷം ഓസ്‌ട്രേലിയൻ ഗോളടിക്കും എന്ന ഘട്ടത്തിൽ അർജന്റീനയുടെ ഗോളി രക്ഷകനായി. തട്ടിത്തിരിഞ്ഞ് എത്തിയ പന്ത് അർജന്റീനയുടെ പോസ്റ്റിൽ വെച്ച് ഓസ്‌ട്രേലിയൻ കളിക്കാരന്റെ കാലുകളിൽ എത്തുകയായിരുന്നു. ആ പന്ത് ആദ്യശ്രമത്തിൽ അർജന്റീനൻ ഗോളി തടുത്തു. നിലത്തുവീണ ഗോളി വീണ്ടും പിടഞ്ഞെണീറ്റ് പന്ത് കൈക്കലാക്കിയാണ് ഗോൾ ശ്രമം തടഞ്ഞത്. അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസിയുടെ ആയിരാമത്തെ മത്സരമായിരുന്നു ഇന്നത്തേത്.