പത്തനംതിട്ട- സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് എത്തിയ എട്ടാം ക്ലാസുകാരനെ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. താഴെവെട്ടിപ്പുറം വലിയകാലായില്‍ സനോജ്- നസിയ ദമ്പതികളുടെ മകന്‍ സല്‍മാനെ (14) യാണ് വലഞ്ചുഴിക്ക് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൈലപ്ര സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആണ്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് രണ്ടുമണിക്ക് കൂട്ടുകാര്‍ക്കൊപ്പം കടവിലെത്തിയത്. അടൂര്‍ നിന്നു അസി. സ്‌റ്റേഷന്‍ ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീം എത്തി തെരച്ചില്‍ നടത്തി. വെളിച്ചക്കുറവിനെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഞായര്‍ രാവിലെ വീണ്ടും തുടരും.