മലപ്പുറം- സിനിമാ തിയറ്ററുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഘം പിടിമുറുക്കിയിരുന്നുവെന്ന് വിവരം. എടപ്പാളിലെ തിയറ്ററിൽ ബാലികയെ പീഡിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് തിയറ്ററുകൾക്കുള്ളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ വീണ്ടും ചർച്ചയായത്. നേരത്തെ പെരിന്തൽമണ്ണയിലെ ചില സിനിമ തിയറ്ററുകളിൽ സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുവന്ന് ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നതായി തിയറ്ററുകളുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിനു മാത്രമായി പെൺകുട്ടികളെ തീയെറ്ററിലെത്തിക്കുന്ന ഇടനിലക്കാരുമുണ്ട്. പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്ത് പണം സ്വീകരിക്കുന്ന ഇടനിലക്കാരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
മിക്ക തിയറ്ററുകളിലും ഉയർന്ന ക്വാളിറ്റിയുള്ള സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരുട്ടിലും വ്യക്തമായി ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ശേഷിയുള്ള ഈ ക്യാമറകൾ സൂം ചെയ്ത് കാഴ്ചകൾ സൂക്ഷ്മമായി പരിശോധിക്കാനും കഴിയും. തങ്ങളുടെ ലൈംഗിക കേളികൾക്ക് സുരക്ഷിതമായ ഇടമാണെന്ന് കരുതിയാണ് പലരും തിയറ്ററുകൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ, സി.സി.ടി.വി ക്യാമറകൾ തിയറ്ററുകളുടെ ഉൾവശത്ത് പോലും സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം അധികമാരും അറിയാറില്ല. മാത്രമല്ല, തിയറ്ററിനകത്തെ ഇരുട്ടിൽ സി.സി.ടി.വി പ്രവർത്തിക്കില്ലെന്ന തെറ്റിദ്ധാരണയുമുണ്ട്.
തീയെറ്ററുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ലൈംഗിക കേളികൾ പരസ്പര സമ്മതത്തോടെ നടക്കുന്നതിനാൽ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നു. പൊതുസ്ഥലത്തെ അനാശാസ്യം തടയുന്ന നിയമം മാത്രമാണ് ഇവർക്കു ബാധകമാകുക. തീയെറ്ററിലെ ഇരുട്ടിൽ ഇത് പലപ്പോഴും പിടിക്കപ്പെടാതെയും പോകുന്നു. അതേസമയം പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഉഭയസമ്മത പ്രകാരമാണെങ്കിലും കനത്ത ശിക്ഷയുള്ള കുറ്റമാണ്.
തിയറ്ററുകളിൽ നടക്കുന്ന ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങൾ പോലീസിന്റെയോ അധികൃതരുടെയോ കണ്ണിൽപ്പെടാതെ പോകുന്നതാണ് വിനയാകുന്നത്. അതേസമയം, ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തി അധികൃതരെ അറിയിക്കാൻ എടപ്പാളിലെ തിയറ്റർ ഉടമ തയാറായത് മാതൃകാപരമായ നടപടിയാണെന്ന് വിലയിരുത്തപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും തീയെറ്റർ ഉടമയുടെ ഇടപെടലിനെ പ്രശംസിച്ചു.
തിയറ്റർ ഉടമ ദൃശ്യങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരുന്നില്ലെങ്കിൽ പ്രതി ഇത്തരം ചെയ്തികൾ ഇനിയും ആവർത്തിക്കാനും പെൺകുട്ടി ഇനിയും പീഡനത്തിനിരയാകാനും സാധ്യത ഏറെ ആയിരുന്നുവെന്ന് സംഭവം പുറത്തു കൊണ്ടു വരുന്നതിൽ നിർണായക പങ്കുവഹിച്ച ബാല സംരക്ഷണ സന്നദ്ധ സംഘടനയായ ചൈൽഡ്‌ലൈൻ അധികൃതർ പറഞ്ഞു. ദൃശ്യങ്ങൾ കണ്ടെത്തിയ തിയറ്റർ ഉടമ എടപ്പാളിനടുത്ത പൊന്നാനിയിലെ ചൈൽഡ്‌ലൈൻ പ്രാദേശിക കേന്ദ്രത്തെ വിവരമറിയിച്ചതാണ് ഈ സംഭവത്തിൽ നിർണായകമായത്. ഈ വിവരം ഉടൻ ചൈൽഡ്‌ലൈൻ പോലീസിനെ അറിയിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടും രണ്ടാഴ്ചയിലേറെ നടപടികളൊന്നുമുണ്ടായില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിനെ തുടർന്നാണ് ചൈൽഡ്‌ലൈൻ ജില്ലാ യൂണിറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ ഈ സംഭവം പുറത്തെത്തിച്ചത്.
സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ പ്രതിയേയും സ്വന്തം മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. ബാലികയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണിപ്പോൾ.