തിരുവനന്തപുരം- ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റിയത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രേരണകൊണ്ടാണെന്ന് സന്ദീപാനന്ദഗിരി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളുമാണെന്നായിരുന്നു പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് നല്‍കിയിരുന്ന മൊഴി. തീപിടുത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് പുതിയ മൊഴി. ഇതോടെ കേസില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് തിരിച്ചടിയായി.
കേസ് അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന സമയത്ത്, കൊല്ലപ്പെട്ട പ്രകാശിന്റെ ചേട്ടന്‍ പ്രശാന്ത് കോടതിയില്‍ രഹസ്യമൊഴി കൊടുത്തത് മാറ്റി പറഞ്ഞത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രേരണകൊണ്ടാണെന്നു സന്ദീപാനന്ദഗിരി പറഞ്ഞു. അല്ലാതെ മൊഴി മാറ്റേണ്ട കാര്യം പ്രശാന്തിനില്ല. ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രശാന്ത് സ്വമേധയാ പോയി സഹോദരന്റെ മരണത്തിലെ ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം മൊഴി നല്‍കുകയായിരുന്നു. പ്രശാന്തിന്റെ വെളിപ്പെടുത്തല്‍ കൊണ്ട് പോലീസിനു സഹായം ഉണ്ടായി. അന്വേഷണം വളരെയധികം മുന്നോട്ടു പോകാനും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനും പോലീസിനു സാധിച്ചു. സി.സി.ടി.വി വിഡിയോകള്‍ പോലിസിന്റെ കൈവശമുണ്ട്. കേസ് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ മൊഴി മാറ്റം നടന്നതുകൊണ്ട് കേസ് അട്ടിമറിക്കപ്പെടില്ല എന്നാണ് ഉത്തമ ബോധ്യം. പുതിയ തെളിവുകള്‍ പോലീസിന്റെ കയ്യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.