കൊച്ചി- നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ വധശ്രമം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ യുവാവ് അക്രമിച്ചത്. വാക്കത്തി കൊണ്ടുള്ള വെട്ടില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്തിന് അടുത്തുതന്നെയാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നതെന്നും സ്ഥിരമായി ഇതുവഴി നടന്നുപോകാറുള്ളതാണെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ജോബ് പറഞ്ഞു. 'ബൈക്കില്‍ വരുമ്പോള്‍ രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും തമ്മില്‍ റോഡില്‍ ഉന്തും തള്ളും നടക്കുന്നത് കണ്ടു. പെട്ടെന്ന് യുവാവ് വാക്കത്തിയെടുത്ത് ഒരു പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു. മറ്റേ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതുകൊണ്ട് മാത്രം വെട്ടേറ്റില്ല. ഒരു പെണ്‍കുട്ടികയുടെ കൈക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചെറുത്തുനിന്നതോടെ അവന്‍ ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു- ജോബ് പറഞ്ഞു.