നെടുമ്പാശ്ശേരി-കരിപ്പൂര്‍ വിമാന താവളം വഴി സ്വര്‍ണ്ണ കള്ളകടത്തിനൊരുങ്ങിയ യാത്രക്കാരന്‍ വിമാനം തകരാറിലായപ്പോള്‍ കൊച്ചിയില്‍ പിടിയിലായി. മലപ്പുറം സ്വദേശി സമദാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ജിദ്ദയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കയറിയ ഇയാള്‍ അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനതാവളം വഴി കടത്താനാണ് ലക്ഷ്യമിട്ടിരുന്നത് .എന്നാല്‍ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ കരിപ്പൂരില്‍ ഇറങ്ങേണ്ട ഈ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലേയ്ക്ക് തിരിച്ചുവിട്ടു. കൊച്ചിയില്‍ ഇറങ്ങിയ വിമാനം സുരക്ഷ കാരണത്താല്‍ യാത്രക്കാരെ വിമാനത്തില്‍ ഇറക്കി ഹാളില്‍ വിശ്രമിക്കാനനുവദിച്ചു.
തുടര്‍ന്ന് സ്പൈസ്ജെറ്റിന്റെ മറ്റൊരു വിമാനത്തില്‍ ഇവരെ യാത്രയാക്കാന്‍ സുരക്ഷാ പരിശോധന നടത്തിയപ്പോള്‍ താന്‍ പിടിക്കപ്പെടുമോയെന്ന ഭയം സമദിന് തോന്നി. തുടര്‍ന്ന് ഇയാള്‍ സ്വര്‍ണം ശുചി മുറിയിലുപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടില്‍ നിന്നും ബാഗേജിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സി.ഐ.എസ്.എഫുകാരില്‍ സംശയമുളവാക്കി. തുടര്‍ന്ന് കസ്റ്റംസിനെ വിവരം ധരിപ്പിച്ചു. അവരെത്തി ദേഹാപരിശോധന നടത്തിയപ്പോഴാണ് ഹാന്‍ഡ് ബാഗേജിലേക്കു മാറ്റിയ സ്വര്‍ണം കണ്ടെത്തിയത്. ഏതാണ്ട് 70 ലക്ഷത്തിലേറെ രൂപ വിലവരും. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.