Sorry, you need to enable JavaScript to visit this website.

തിയേറ്ററിലെ പീഡനം; ബാലികയുടെ മാതാവും അറസ്റ്റില്‍ 

മലപ്പുറം- എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ അറസ്റ്റും രേഖപ്പെടുത്തി. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവര്‍ക്കെതിരേയും പോക്‌സോ നിയമപ്രകാരമാണ് കേസ്. 
പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) എടപ്പാളിലെ തിയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കുമ്പോള്‍ കുട്ടിയുടെ മാതാവും ഒപ്പമുണ്ടായിരുന്നു. 
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.  മൊയ്തീന്‍കുട്ടിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. ഇയാളെ  എടപ്പാളിലെ തിയേറ്ററിലെത്തിച്ച് തെളിവെടുക്കുമെന്നും പോലീസ് പറഞ്ഞു. 
പീഡനത്തിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.  പോക്‌സോ കേസായതിനാല്‍ വനിതാ കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന്‍ അറിയിച്ചു. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയേറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു.  
കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു എടപ്പാളിലെ തിയേറ്ററില്‍ കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്ലൈന്‍ പോലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പോലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്ന്  ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. 
മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് പ്രതി മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പാലക്കാട് പോലീസ് പറഞ്ഞു. 

Latest News