ദോഹ- ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഘട്ടം അവസാനിക്കുമ്പോൾ മുഴുവൻ മുൻനിര ടീമുകളും തോൽവി അറിഞ്ഞു. ഏറ്റവും അവസാനം നടന്ന മത്സരത്തിൽ ബ്രസീൽ കൂടി തോറ്റതോടെ ലോകകപ്പ് മോഹിച്ചെത്തിയ ടീമുകളെല്ലാം പരാജയത്തിന്റെ കുന്തമുനയേറ്റു. ഇൻജുറി ടൈമിൽ വിൻസെന്റ് അബൂബക്കർ നേടിയ ഗോളിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗോൾ നേടി റഫറിക്ക് കൈ കൊടുത്തതിന് അർജന്റീനക്കാരനായ റഫറി ചുവപ്പുകാർഡാണ് വിൻസെന്റിന് സമ്മാനിച്ചത്. ബ്രസീൽ വലയിൽ ഗോൾ വീഴ്ത്തിയ ഉടൻ ഷർട്ടൂരി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു വിൻസെന്റ് അബൂബക്കർ.
ഈ ലോകകപ്പിൽ അർജന്റീനയാണ് ആദ്യം അട്ടിമറി നേരിട്ട ടീം. സൗദിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ പരാജയം. പിന്നീട് ജർമനി, ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ എന്നീ ടീമുകളും പരാജയം നുണഞ്ഞു. ഇതിൽ ഏറ്റവും ഒടുവിലായാണ് ബ്രസീലും തോൽക്കുന്നത്.
പ്രീ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ യുവനിരക്ക് പ്രാതിനിധ്യം നൽകി കാമറൂണിനെ നേരിടാനെത്തിയ ബ്രസീലിന് വൻ പരാജയമാണ് കിട്ടിയത്. കാമറൂണിനോട് ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയൂടെ അവസാന നിമിഷമണ് കാമറൂൺ ഗോൾ നേടിയത്. വിൻസെന്റ് അബൂബക്കറാണ് ഗോൾ സ്വന്തമാക്കിയത്. ഇരുടീമുകളും ആക്രമിച്ചു കളിച്ചപ്പോൾ ആദ്യത്തെ ഏഴുമിനിറ്റിനുള്ളിൽ രണ്ടു മഞ്ഞക്കാർഡുകൾ റഫറി പുറത്തെടുത്തു. ആറാമത്തെ മിനിറ്റിൽ കാമറൂൺ താരത്തിനും ഏഴാം മിനിറ്റിൽ ബ്രസീൽ താരത്തിനും മഞ്ഞ ലഭിച്ചു.
ബ്രസീലും കാമറൂണും നിരവധി ഗോളവസരങ്ങളുണ്ടാക്കി. പതിനാലാമത്തെ മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഗോളെന്നുറപ്പിച്ച ഹെഡർ കാമറൂൺ ഗോൾകീപ്പർ മാർട്ടിനെല്ലി തട്ടിയകറ്റി. 22-ാം മിനിറ്റിലും ബ്രസീലിന് അവസരം ലഭിച്ചു. ഇതും ഗോളായില്ല.
അതേസമയം, ഗ്രൂപ്പ് ജിയിൽ നടന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലന്റ് സെർബിയയെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വിസ് ജയം. 26-ാം മിനിറ്റിൽ അലക്‌സാണ്ടർ മിത്രോവിക് സെർബിയയുടെ ആദ്യ ഗോൾ നേടി. ഇരുപതാം മിനിറ്റിൽ സ്വിറ്റ്‌സർലന്റിന്റെ ശാക്കിരി തിരിച്ചടിച്ചു. 35-ാം മിനിറ്റിൽ ദുസാൻ വ്‌ളവോഹിക് സെർബിയക്ക് വേണ്ടി ഗോൾ നേടി. 44, 48 മിനിറ്റുകളിൽ ബ്രീൽ എംബോളോ, റെമോ ഫ്രൂയിലർ എന്നിവരുടെ ഗോളിലൂടെ സ്വിറ്റ്‌സർലന്റ് വിജയം ഉറപ്പിച്ചു. ഈ ഗ്രൂപ്പിൽനിന്ന് സ്വിറ്റ്‌സർലന്റും ബ്രസീലും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.