ന്യൂദല്‍ഹി-ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സിബി മാത്യൂസ്, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ബി ശ്രീകുമാര്‍, കേരള പോലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയന്‍, തമ്പി ദുര്‍ഗാദത്ത്, ഇന്റലിജന്‍സ് ഓഫിസര്‍ ആയിരുന്ന പിഎസ് ജയപ്രകാശ് എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജികള്‍ തിരികെ ഹൈക്കോടതിയിലേക്കു വിടുന്നതായും നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ നിര്‍ദേശിച്ചു.കേസില്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ സംബന്ധിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹര്‍ജികള്‍ മെറിറ്റില്‍ കേട്ട് ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.