കോവളം-വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവികാസങ്ങളില്‍ വൈദികര്‍ക്കും പങ്കെന്ന് പോലീസ്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നും പോലീസ് സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. അക്രമത്തില്‍ ആദ്യം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദികരടക്കം 3000 ത്തോളം പേര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആക്രമണത്തില്‍ പോലീസുകാര്‍ക്കും പര്ിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സുകളടക്കം സമരക്കാര്‍ തടഞ്ഞു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ആറ് പോലീസ് വാഹനങ്ങള്‍ സമരക്കാര്‍ നശിപ്പിച്ചു. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. 64 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. നേരത്തെ ഹൈക്കോടതിയില്‍ സമരസമിതി നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചുവെന്നും പോലീസ് കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് ഇനി വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സര്‍ക്കാരും പോലീസും. നടപടികള്‍ കടുപ്പിക്കുകയാണ് പോലീസ്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസെടുത്തത്. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ ആകെ അഞ്ച് കേസായി. മന്ത്രിക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ വൈദികന്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. വൈദികന്‍ ശ്രമിച്ചത് വര്‍ഗീയ ധ്രൂവീകരണത്തിനും കലാപത്തിനുമാണെന്നും മന്ത്രിക്കെതിരായ പരാമര്‍ശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും അടക്കം എഫ്ഐആറിലുമുണ്ട്.