കോഴിക്കോട്- കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നഗരസഭ. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 2.5 കോടി രൂപ കാണാതായതിന് പിന്നാലെ 10 കോടി രൂപയടക്കം മൊത്തം 12 കോടി രൂപയാണ് കുടുംബശ്രീ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. ഈ തുക പലിശ സഹിതം 24 മണിക്കൂറിനകം തിരികെ കിട്ടണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്. കോര്‍പറേഷന്‍ സെക്രട്ടറി ഇക്കാര്യത്തില്‍ പോലീസിന് പരാതി നല്‍കി.
സംഭവത്തില്‍ പണം തട്ടിയതായി കണ്ടെത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലെ മുന്‍ മാനേജര്‍ എം.പി റിജില്‍ (31) ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇയാള്‍ തട്ടിയെടുത്തതായി ബാങ്ക് കണ്ടെത്തിയ 2.5 കോടി രൂപ ബാങ്ക് തിരികെ നല്‍കിയിരുന്നു. സംഭവത്തിനെത്തുടര്‍ന്ന് ഇടത് മുന്നണി ഇന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ 98 ലക്ഷം രൂപ വെട്ടിച്ചെന്നാണ് കണ്ടെത്തിയത്. എന്നാല്‍ 2.53 കോടി രൂപയാണെന്ന് കോര്‍പറേഷന്‍ ശക്തമായി വാദിച്ചതോടെയാണ് പണം മടക്കി നല്‍കിയത്.
എന്നാല്‍ സംഭവത്തില്‍ റിജില്‍ നിരപരാധിയാണെന്നും മകന്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരോ കുടുക്കിയതാകാമെന്നുമാണ് റിജിലിന്റെ പിതാവിന്റെ വാദം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വീട് പണിയാന്‍ ലോണെടുത്തതല്ലാതെ മറ്റ് സാമ്പത്തിക ബാദ്ധ്യത ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസമായി മകനെക്കുറിച്ച് അറിവില്ലെന്ന് മാതാവും പ്രതികരിച്ചു.
നാല് ദശകങ്ങളായി കോഴിക്കോട് കോര്‍പറേഷന്‍ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. അനധികൃത കെട്ടിടങ്ങള്‍ക്ക് ബില്‍ഡിംഗ് നമ്പര്‍ നല്‍കിയത് ഉള്‍പ്പെടെ പല വിവാദങ്ങളും മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വരുന്നതും പതിവാണ്.