Sorry, you need to enable JavaScript to visit this website.

വാട്ടര്‍ മെട്രോ ഈ മാസം സര്‍വീസ് തുടങ്ങും സുരക്ഷ ഒരുക്കാന്‍ 'ഗരുഡ' എത്തി

കൊച്ചി-വാട്ടര്‍ മെട്രോയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബോട്ട് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ഏറ്റുവാങ്ങി. ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കെ എം ആര്‍ എല്‍ പ്രൊജക്ടസ് ഡയറക്ടര്‍ ഡോ. എം പി രാംനവാസ് ആണ് ഏറ്റുവാങ്ങിയത്. പോണ്ടിച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാ മറൈന്‍ യോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോട്ട് നിര്‍മിച്ചത്. ഐ ആര്‍ എസ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ 16 മീറ്റര്‍ കാറ്റമറാന്‍ ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര്‍ മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സര്‍വീസ് സപ്പോര്‍ട്ടിനും അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യമായേക്കാവുന്ന രക്ഷപ്രവര്‍ത്തനങ്ങള്‍ക്കും ഗരുഡ സഹായകരമാകും. 18 നോട്‌സ് വേഗതയില്‍ സഞ്ചരിക്കാവുന്ന ഈ ബോട്ട് മറൈന്‍ ആംബുലന്‍സ് ആയും ഉപയോഗിക്കാം.ഇതിന് ഉതകുന്ന രീതിയില്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും ഗരുഡയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പുതുവല്‍സര സമ്മാനമായി വാട്ടര്‍മെട്രോ കൊച്ചിക്ക് സമര്‍പ്പിക്കാനാണ് കെ എം ആര്‍ എല്ലിന്റെ ശ്രമം. വൈപ്പിന്‍-ഹൈക്കോടതി റൂട്ടിലാകും ആദ്യസര്‍വീസ്. മുളവുകാട് ദ്വീപിലെ ബോള്‍ഗാട്ടി വഴിയാകും വൈപ്പിനിലേക്കും തിരിച്ചുമുള്ള വാട്ടര്‍മെട്രോ യാത്ര. ജലമെട്രോ ബോട്ടില്‍ ഹൈക്കോടതിയില്‍നിന്ന് 14 മിനിറ്റുകൊണ്ട് വൈപ്പിനിലെത്താം. 20-25 മിനിറ്റ് ഇടവേളയില്‍ ബോട്ടുകളുണ്ടാകും. 20 രൂപയാകും ടിക്കറ്റ് നിരക്ക്.
കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി രൂപകല്‍പ്പന ചെയ്തതാണ് ജലമെട്രോ പദ്ധതി. നഗരത്തെയും സമീപ ദ്വീപുകളെയും ബന്ധിപ്പിച്ച് ലോകനിലവാരത്തിലുള്ള ഗതാഗതസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ഒപ്പം ദ്വീപുവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നു. പദ്ധതി പൂര്‍ണസജ്ജമാകുമ്പോള്‍ കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ ദൂരത്തില്‍ 15 റൂട്ടുകളില്‍ 78 ബോട്ടുകള്‍ സര്‍വീസ് നടത്തും. ബോട്ടുകളില്‍ 30 എണ്ണം 50 പേര്‍ക്ക് കയറാവുന്നതും 48 എണ്ണം 100 പേര്‍ക്ക് കയറാവുന്നതുമായിരിക്കും. കൊച്ചി കപ്പല്‍ശാലയാണ് ജലമെട്രോയ്ക്കായി അത്യാധുനിക യാത്രാബോട്ടുകള്‍ നിര്‍മിക്കുന്നത്. അഞ്ച് യാത്രാബോട്ട് കെഎംആര്‍എല്ലിന് ലഭിച്ചിട്ടുണ്ട്. വൈദ്യുതിയും അടിയന്തരഘട്ടങ്ങളില്‍ ഡീസല്‍ ജനറേറ്ററും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്ന ഹൈബ്രിഡ് ബോട്ടുകളാണ് ഇവ. ഇവയുടെ പരീക്ഷണ ഓട്ടം നടന്നുവരികയാണ്.

 

Latest News