മലപ്പുറം- എസ്.ഡി.പി.ഐക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ഡോ. കെ.ടി ജലീൽ. മുസ്്‌ലിംകളിലെ ആർ.എസ്.എസാണ് എസ്.ഡി.പി.ഐ എന്ന പരോക്ഷസൂചനയുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ജലീൽ ആരോപമം ഉന്നയിച്ചത്. താനൂർ അപ്രഖ്യാപിത ഹർത്താൽ ദിവസം ബേക്കറി അക്രമിച്ച സംഭവത്തിൽ മന്ത്രി ജലീൽ വർഗീയ മുതലെടുപ്പ് നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ കോലം എസ്.ഡി.പി.ഐ പ്രവർത്തകർ കത്തിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചാണ് മന്ത്രി രംഗത്തെത്തിയത്.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
വർഗീയവാദികളുടെ എതിർപ്പ് എന്നും എനിക്കാവേശമേ തന്നിട്ടുള്ളു . മതഭ്രാന്തൻമാരുടെ പ്രകീർത്തനങ്ങെളെയാണ് ഭയപ്പെടേണ്ടത് . അവരുടെ വെടിയുണ്ടകളും ചെരുപ്പ്മാലകളും ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാര പത്രങ്ങളാണ് . ഇത് കൊണ്ടൊന്നും ഈ വിനീതനെ മുട്ടുകുത്തിക്കാൻ കഴിയുമെന്ന് കരുതിയവർക്ക് തെറ്റി . ആരാണ് ശരിയെന്ന് കാലം തെളിയിക്കട്ടെ . ഒന്നല്ല ആയിരംതവണ കോലം കത്തിച്ചാലും വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച്‌പോലും പിറകോട്ടടിപ്പിക്കാൻ ഇവർക്ക് കഴിയില്ല . മുസ്ലിങ്ങളെ വീതം വെച്ചെടുക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കാൻ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന മതേതരവാദികൾ തയ്യാറാകണം . ഹിന്ദു ആർ.എസ്.എസും മുസ്ലിം ആർ.എസ്.എസും ഒരുപോലെ എതിർക്കപ്പെടേണ്ടവരാണ് .