കൊണ്ടോട്ടി- ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായ പ്രവാസിയുടെ ഭാര്യയെയും മൂന്ന് പെൺമക്കളെയും രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കരിപ്പൂർ പുളിയംപറമ്പിലെ വീട്ടമ്മയെയും മൂന്ന് പെൺകുട്ടികളെയുമാണ് കാണാതായത്. വീട്ടമ്മയുടെ മൂത്ത മകൻ നൽകിയ പരാതിയിൽ കരിപ്പൂർ പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി വരികയാണ്.
ഇക്കഴിഞ്ഞ മുപ്പതിനാണ് പുളിയം പറമ്പിൽ താമസിക്കുന്ന പ്രവാസിയുടെ ഭാര്യയെയും പതിനെട്ട്, ആറ്, നാലു വയസ്സുളള മൂന്ന് പെൺകുട്ടികളെയും കാണാതായത്. മൂത്ത മകൻ മരണ വീട്ടിലേക്ക് പോയ സമയത്താണ് ഇവർ രാവിലെ വീട് വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ല.
ചെറളപ്പാലത്ത് നിന്ന് ഓട്ടോ റിക്ഷയിൽ ഇവർ കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്നത് ഇവിടെ സ്ഥാപിച്ച സി.സി.ടി.വിയിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടമ്മ ഉപയോഗിച്ച മൊബൈൽ ഫോൺ ഇവരുടെ വീട്ടിൽനിന്നും കണ്ടെത്തിയതായി കരിപ്പൂർ എസ്.ഐ കെ.ബി. ഹരികൃഷ്ണൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബീമാപളളി, ഏർവാടി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിൽ പോലീസ് നേരിട്ട് എത്തി അന്വേഷണം നടത്തി. ഈ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
വീട്ടമ്മയും മക്കളും പാസ്‌പോർട്ട് കൈവശം വെച്ചിട്ടുണ്ട്. കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ എമിഗ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇവർ വിദേശത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തി. കൊണ്ടോട്ടി ടൗൺ, വിമാനത്താവളം, കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലുളള സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
വീട്ടമ്മക്കും കുടുംബത്തിനും അടുപ്പമുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കുടുംബം പറയുന്ന മേലങ്ങാടിയിലെ ദിവ്യനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇയാളെ ഒന്നിലധികം തവണ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഇയാളുടെ ഫോൺ നിരീക്ഷണത്തിലാണ്. നേരത്തെയുളള ഫോൺ കോളുകളും പരിശോധിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കാണാതായതറിഞ്ഞ് ഭർത്താവ് നാട്ടിലെത്തി. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.