കൊച്ചി- കനത്ത മഴയും ഇടിമിന്നലും മൂലം ഇന്നലെ വൈകിട്ട് കൊച്ചി മെട്രോയുടെ സർവീസുകൾ തടസ്സപ്പെട്ടു. ശക്തമായ മിന്നലിനെത്തുടർന്ന് മുട്ടം സ്റ്റേഷനിലും സ്റ്റേഷനുകളോടു ചേർന്നുള്ള സബ്‌സ്റ്റേഷനുകളിലും വൈദ്യുതി വിച്ഛേദിക്കുന്ന സ്വയംപ്രവർത്തക സുരക്ഷാ സംവിധാനം പ്രവർത്തിച്ചതാണ് കാരണം. ഇതുമൂലം, ട്രെയിനിന് വൈദ്യുതി നൽകുന്ന തേഡ് റെയിൽ ട്രാക്ഷൻ സംവിധാനത്തിൽ വൈദ്യുതി പ്രവാഹം ഇടയ്ക്കിടെ നിലച്ചു. ആലുവ മുതൽ കളമശേരി വരെയുള്ള ഭാഗത്താണ് ഏറെയും പ്രശ്‌നമുണ്ടായത്. ട്രെയിനുകൾ സ്റ്റേഷനുകളിലും പാതയിലുമായി പല ഭാഗത്തും നിർത്തിയിടേണ്ടി വന്നു. ഇത് അര മണിക്കൂറിലേറെ സർവീസിനെ ബാധിച്ചു. ഏഴോടെയാണ് സർവീസ് സാധാരണ രീതിയിലായത്.
വിവാദപ്പെരുമഴയിൽ എ.ആർ.റഹ്മാൻ ഷോ മുടങ്ങി
കൊച്ചി -നിലം നികത്തൽ വിവാദത്തിൽ പെട്ട എ.ആർ.റഹ്മാൻ ഷോ കനത്ത മഴയിൽ മുടങ്ങി. ഫ്ളവേഴ്‌സ് ചാനൽ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിൽ മണ്ണിട്ട് നികത്തി ഒരുക്കിയ വേദി പെരുമഴയിൽ ചെളിക്കുളമാകുകയായിരുന്നു. ഇതോടെ പരിപാടിക്കായി വിദേശത്തു നിന്നടക്കം എത്തിയവർ പ്രതിഷേധമുയർത്തി. പരിപാടി ഇന്ന് നടക്കുമെന്നാണ് ചാനൽ അധികൃതർ അറിയിച്ചിട്ടുള്ളതെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്നാണ് സൂചന. എറണാകുളം മറൈൻ ഡ്രൈവും ലുലു കൺവെൻഷൻ സെന്ററും അടക്കം പടുകൂറ്റൻ വേദികൾ കൊച്ചിയിൽ ലഭ്യമായിരുന്നിട്ടും നിലം നികത്തി സംഗീത പരിപാടി നടത്താനുള്ള സംഘാടകരുടെ കുബുദ്ധിയാണ് പരിപാടിക്ക് വിനയായത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള 26 ഏക്കർ പാടശേഖരം നികത്തുന്നതിന് എ.ആർ. റഹ്മാന്റെ സംഗീത പരിപാടി മറയാക്കുകയാണെന്ന ആരോപണമാണ് ഉയർന്നത്. ഇതോടെ പരിപാടി വിവാദത്തിലായിരുന്നു.