ചെറുതോണി (ഇടുക്കി) - സ്‌കൂൾ കെട്ടിടത്തിനുള്ളിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. ഇടുക്കി മെഡിക്കൽ കോളജിനു സമീപത്തെ വിദ്യാധിരാജ സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ ഉള്ളിലെ വരാന്തയിലാണ് പുലർച്ചെ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ടു വയസുള്ള ആൺ പന്നിയാണ് ചത്തത്.
അതിനിടെ, കാട്ടുപന്നി ചത്ത വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമാക്കി വയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിശേഷം പന്നിയെ മറവ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അതേസമയം, പന്നിപ്പനിമൂലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാഴത്തോപ്പ് പഞ്ചായത്തിൽ കാട്ടുപന്നുകളിലേക്കും രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ആഫ്രിക്കൻ പന്നിപ്പനിയുടെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ നൂറുകണക്കിന് പന്നികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊന്നൊടുക്കിയത്. കാട്ടുപന്നി പ്രദേശത്ത് മനുഷ്യജീവനും കൃഷിക്കും വൻ ഭീഷണിയാണെന്നും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ പോലും കാട്ടുപന്നി സാന്നിധ്യമുണ്ടാവുന്നത് നിസ്സാരമല്ലെന്നും ബന്ധപ്പെട്ടവർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും ഓർമിപ്പിച്ചു.