തുറൈഫ്- തുറൈഫ് നഗരത്തിൽ ഇടിയും മഴയും തുടരുന്നു. കഴിഞ്ഞ ദിവസം രാവും പകലും തുടർച്ചയായി മഴ പെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഇടത്തരം കാറ്റും മഴയും ചൊവ്വാഴ്ച പകൽ മുഴുവൻ നീണ്ടുനിന്നു. ഇടയ്ക്ക് ചാറ്റൽ മഴയായി പെയ്ത് പിന്നീട് അൽപം ശക്തമാകുകയാണ് ചെയ്തത്. രാത്രിയിൽ പല തവണ ഇടിമിന്നലും ഉണ്ടായിരുന്നു. മാർക്കറ്റിലെ ചില റോഡുകളിലൂടെ വെള്ളം ചാലിട്ടൊഴുകി. ചില റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ വേണ്ടി മുനിസിപ്പാലിറ്റി പ്രത്യേക വിംഗ് പ്രവർത്തിക്കുന്നു. മഴ വന്നതോടെ തണുപ്പും വർധിച്ചു. മഴ ഇടക്ക് നിന്നാൽ വീണ്ടും ഉടനെ തന്നെ വർഷിക്കുകയായിരുന്നു. കാലാവസ്ഥ വിദഗ്ധർ മഴ വർഷിക്കുമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഡിസംബർ ആദ്യ പകുതി വരെ പലപ്പോഴായി മഴ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഇനിയുള്ള ഏതാനും മാസങ്ങളിൽ ഇവിടെ ശൈത്യം അനുഭവപ്പെടും.