Sorry, you need to enable JavaScript to visit this website.

വിവാഹം പള്ളികളിൽ; തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി 

കൊച്ചി- മുസ്‌ലിംകളുടെ വിവാഹം പള്ളികളിൽ വച്ച് നടത്തണമെന്ന തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഈരാറ്റുപേട്ട തെക്കേക്കര ജുമാമസ്ജിദിലെ വിവാഹങ്ങൾ പള്ളികളിൽ വെച്ച് നടത്തണമെന്ന തീരുമാനം ചോദ്യം ചെയ്ത് ഹുസൈൻ വലിയവീട്ടിൽ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. വധു വരൻമാരുടെ ഇഷ്ടത്തിനനുസരിച്ച് വീടുകളിലും ഓഡിറ്റോറിയങ്ങളിലും നിക്കാഹ് നടത്തിയിരുന്ന പാരമ്പര്യമാണ് തെക്കേക്കര ജുമാമസ്ജിദിൽ ഉണ്ടായിരുന്നതെന്നും അടുത്ത കാലത്താണ് നിക്കാഹ് പള്ളിയിൽവെച്ച് നടത്തണമെന്നു തീരുമാനമെടുത്തതെന്നും  ഹർജിയിൽ പറയുന്നു. ഹർജിയിൽ വിശദീകരണം ബോധിപ്പിക്കുന്നതിനു കേരള സംസ്ഥാന വഖഫ് ബോർഡിനും തെക്കേക്കരി മുഹിയുദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും  കോടതി നോട്ടീസ് പുറപ്പെടുവിച്ചു. സ്ത്രീകൾക്കും, മുസ്‌ലിംകൾ അല്ലാത്തവർക്കും പള്ളികളിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നും വധുവരൻമാരുടെ ബന്ധുക്കൾക്ക് നിക്കാഹ് പള്ളിയിൽ വെച്ച് നടക്കുമ്പോൾ പങ്കെടുക്കാൻ കഴിയാതെ പോവുകയാണെന്നും ഹർജിയിൽ പറയുന്നു. കുടുംബ സുഹൃത്തുക്കളായ ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർക്കും നിക്കാഹ് കർമ്മത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരത്തിലുള്ള നടപടികൾ ഇസ്്ലാമിക മതാചരങ്ങളിൽപ്പെട്ടതല്ല. പള്ളികളിൽ നടക്കുന്ന മതപ്രഭാഷണ പരമ്പരകളിലും ഉറൂസുകളിലും  ജാറങ്ങളിലും സ്ത്രീകൾ പ്രവേശിക്കാറുണ്ട്. എന്നാൽ നിക്കാഹിന് മാത്രം സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയാത്തത് ഇസ്്ലാമിക മതാചാരങ്ങളിൽപ്പെട്ടതല്ലെന്നു ഹർജിക്കാരൻ വ്യക്തമാക്കി. വിവാഹത്തിനു പൊതുജനങ്ങൾ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ടാണെന്നും പള്ളിക്കുള്ളിൽ നടക്കുന്ന വിവാഹങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു. മഹല്ല് കമ്മിറ്റികളുടെ ഇത്തരത്തിലുള്ള തീരുമാനങ്ങളിൽ ഇടപെടാനുള്ള അധികാരം വഖഫ് ബോർഡിനുണ്ട്. മഹല്ല് കമ്മിറ്റി വിവാഹങ്ങൾ അംഗങ്ങളുടെ ഇഷ്ടപ്രകാരം നടത്തുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ടു നോട്ടിസ് നൽകിയിട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അഡ്വ. പി അബ്ദുൽ റഊഫ് മുഖേന  നൽകിയ ഹർജി ജസ്റ്റിസ് എസ്. വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

Latest News