Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണം എന്‍.ഐ.എ പരിശോധിക്കുന്നു

തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍.ഐ.എ അന്വേഷണം. ഇതിനായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തും. സംഭവത്തില്‍ വിഴിഞ്ഞം പോലീസിനോട് ഇവര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തി പോലീസ് സ്റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും അതിന്റെ തുടര്‍ച്ചയായി ആസൂത്രിതമായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) മുന്‍ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നതായി ബി.ജെ.പി ്അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ മുന്‍ അംഗങ്ങളാണ് സമരത്തില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതത്രെ. ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകള്‍, മാവോയിസ്റ്റ് ഫ്രോണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവരുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിന് സ്ഥിരീകരണമില്ല.

 

Latest News