Sorry, you need to enable JavaScript to visit this website.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുളള ബില്ലിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം- സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത്‌നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ബില്‍ അവതരിപ്പിക്കാനാണ് ആലോചന. ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന കേരള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

അതേസമയം, ബില്ല് അവതരിപ്പിച്ചാലും ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ അത് നിയമമാകുകയുളളൂ. ബില്ല് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാദ്ധ്യത. ചാന്‍സലറുടെ നിയമനം അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ബില്ലില്‍ പറയുന്നത്. കാലാവധി കഴിഞ്ഞാല്‍ ഒരു തവണ പുനര്‍നിയമനം നല്‍കും. സര്‍വകലാശാലയിലാകും ചാന്‍സലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാന്‍സലര്‍.

ഗവര്‍ണര്‍ പദവി വഹിക്കുന്നയാള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി എല്ലാ സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Latest News