Sorry, you need to enable JavaScript to visit this website.

എസ്.എന്‍.ഡി.പി. നേതാവിന്റെ മരണം, വെള്ളാപ്പള്ളിയും തുഷാറും പ്രതികളാകും

ആലപ്പുഴ- എസ്.എന്‍.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്നു പേരെ പ്രതി ചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) ആണ് വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മഹേശന്റെ കുടുംബം നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2020 ജൂണ്‍ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി യോഗം ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയില്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലാണ് വെള്ളാപ്പള്ളിക്കെതിരേയും പരാമര്‍ശമുണ്ടായിരുന്നത്.

 

Latest News