കൊച്ചി- തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ല. വിവാദ കത്തിന്മേല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് ഹര്‍ജി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.