ദോഹ- ബ്രസീലിന്റെ ആവേശക്കളി കാണാൻ മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ലോകകപ്പ് ഫുട്ബോൾ വേദിയിൽ. ബ്രസീൽ-സ്വിറ്റ്‌സർലന്റ് മത്സരം കാണാനാണ് മുനവ്വറലി ശിഹാബ് തങ്ങൾ മകനോടൊപ്പം എത്തിയത്. ബ്രസീൽ സ്വിറ്റ്‌സർലന്റിനെ തോൽപ്പിക്കുന്നത് ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിലിരുന്ന് മുനവ്വറലി തങ്ങളും കണ്ടു. നാലു വർഷം മുമ്പ് റഷ്യയിൽ നടന്ന ലോകകപ്പിലും മുനവ്വറലി ശിഹാബ് തങ്ങൾ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഖത്തറിൽ എത്തിയിരുന്നു. ഖത്തർ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഈയിടെ കേരളത്തിലെ സ്വകാര്യ ടി.വി പരിപാടിയുടെ പ്രചാരണ വീഡിയോയിൽ സാദിഖലി ശിഹാബ് തങ്ങൾ പന്തു തട്ടുന്ന വീഡിയോ വൈറലായിരുന്നു. ഫുട്ബോളിനോട് എന്നും ആത്മബന്ധം പുലർത്തുന്ന നേതാവാണ് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി തങ്ങളും.
കേരളത്തിലെ നിരവധി രാഷ്ട്രീയനേതാക്കൾ ഇതോടകം ഖത്തർ ലോകകപ്പിന് എത്തിയിട്ടുണ്ട്. നിരവധി എം.എൽ.എമാരും എം.പിമാരും ഖത്തറിലുണ്ട്. സൂപ്പർ താരം മോഹൻലാൽ ഖത്തർ ഫുട്ബോൾ ഫൈനൽ മത്സരത്തിനെത്തും.