ഇടുക്കി- പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ കേസില്‍ രണ്ട് മാസത്തിന് ശേഷം 5 പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ യു.എ.പി.എ ചുമത്തിയ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
രാമക്കല്‍മേട് സ്വദേശികളായ വെള്ളറയില്‍ അജ്മല്‍ ഖാന്‍ വി. എസ്(33), ഇളംപുരയിടത്തില്‍ അന്‍ഷാദ് മുഹമ്മദ്(38), വെച്ചിക്കുന്നേല്‍ അജ്മല്‍ വി. എ(38), ഇടത്തറമുക്ക് ബ്ലോക്ക് നമ്പര്‍ 1051ല്‍ ഷാജഹാന്‍ ഷാജി(48), മകന്‍ അമീന്‍ ഷാജഹാന്‍(21) എന്നിവരാണ് കട്ടപ്പന ഡിവൈ.എസ്.പി വി. എ നിഷാദ്മോന്റെ മുമ്പാകെ കീഴടങ്ങിയത്. ഒക്ടോബര്‍ അവസാനം ഇടത്തറമുക്ക് ഓണമ്പിള്ളില്‍ ഷെമീര്‍(28), ബാലന്‍പിള്ളസിറ്റി വടക്കേത്താഴെ അമീര്‍ഷ വി എസ്(25) എന്നിവര്‍ കീഴടങ്ങിയിരുന്നു.
പി.എഫ്.ഐയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സെപ്റ്റംബര്‍ 28ന് രാവിലെയാണ് രണ്ട് കുട്ടികളടങ്ങുന്ന ഒമ്പതംഗ സംഘം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ നെടുങ്കണ്ടം പോലീസ് ഏഴ് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. തുടര്‍ന്ന് അന്വേഷണം ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന് ജില്ലാ പോലീസ് മേധാവി കൈമാറുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.