കണ്ണൂർ- പഴയങ്ങാടി താവം റെയിൽപാളത്തിൽ വലിയ ചെങ്കല്ല് വെച്ച് അട്ടിമറിശ്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു വരുന്നു. കണ്ണൂർ മേഖലയിൽ ചുരുങ്ങിയ കാലയളവിൽ മൂന്നാമത് തവണയാണ് പാളത്തിൽ കല്ല് വെച്ച് അട്ടിമറിശ്രമം നടത്തുന്നത്.
ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. ഇന്നലെ പുലർച്ചെ 12.30 നായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പോലീസ് നായയും ഉടൻ സ്ഥത്തെത്തി പരിശോധന നടത്തി. ഇത്രയും വലിയ കല്ല് പാളത്തിൽ വെച്ചത് റെയിൽവേ ഗൗരവത്തോടെയാണ് കാണുന്നത്.
ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് അജ്ഞാതർ കല്ല് വെച്ചത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി പറഞ്ഞു. സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ റെയിൽപ്പാളത്തിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് കണ്ണപുരം പോലീസ് അറിയിച്ചു.