റിയാദ് - സൗദിയില്‍ കഴിയുന്ന വിദേശികള്‍ കഴിഞ്ഞ മാസം സ്വദേശങ്ങളിലേക്ക് 1,124 കോടി റിയാല്‍ അയച്ചതായി സൗദി കേന്ദ്ര ബാങ്ക് കണക്കുകള്‍. കഴിഞ്ഞ മാസം വിദേശികള്‍ അയച്ച പണം എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിദേശികള്‍ 1,120 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനു ശേഷം വിദേശികളുടെ റെമിറ്റന്‍സില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ മാസത്തേത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള പത്തു മാസക്കാലത്ത് വിദേശികള്‍ 12,266 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത് വിദേശികള്‍ 12,980 കോടി റിയാല്‍ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.