Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഫഹ്‌സുദ്ദൗരിക്ക് 45 റിയാല്‍ മുതല്‍ 205 റിയാല്‍വരെ, വിശദ വിവരങ്ങള്‍

റിയാദ് - വാഹനങ്ങളില്‍ നടത്തുന്ന സാങ്കേതിക പരിശോധനക്ക് (ഫഹ്‌സുദ്ദൗരി-മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍) സ്വകാര്യ കാറുകള്‍ക്കും ടാക്‌സികള്‍ക്കും 100 റിയാല്‍ ഫീസ്. വാഹനങ്ങള്‍ക്കുള്ള സാങ്കേതിക പരിശോധനാ ഫീസ് പട്ടിക കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ബൈക്കുകള്‍, ബസുകള്‍, ട്രക്കുകള്‍, ഹെവി എക്വിപ്‌മെന്റുകള്‍ അടക്കമുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കും പുനഃപരിശോധനക്കും ഈടാക്കാവുന്ന നിരക്കുകള്‍ മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിര്‍ണയിച്ചിട്ടുണ്ട്. വ്യത്യസ്ത ഇനം വാഹനങ്ങള്‍ സാങ്കേതിക പരിശോധനക്ക് വിധേയമാക്കാന്‍ 45 റിയാല്‍ മുതല്‍ 205 റിയാല്‍ വരെയും പുനഃപരിശോധനക്ക് 15 റിയാല്‍ മുതല്‍ 68 റിയാല്‍ വരെയുമാണ് നിരക്കുകളായി നിര്‍ണയിച്ചിരിക്കുന്നത്.
സാങ്കേതിക പരിശോധനയില്‍ പരാജയപ്പെടുന്ന കാറുകളിലെ തകരാറുകള്‍ തീര്‍ത്ത് വീണ്ടും പരിശോധിക്കാന്‍ 33 റിയാലാണ് ഫീസ് നല്‍കേണ്ടത്. പത്തു മുതല്‍ 15 വരെ സീറ്റുകളുള്ള, ആകെ ഭാരം അഞ്ചു ടണ്ണില്‍ കവിയാത്ത വാനുകളുടെയും ആകെ മൂന്നര ടണ്ണില്‍ കുറവ് ഭാരമുള്ള ചരക്കു വാഹനങ്ങളുടെയും എന്‍ജിനില്ലാതെ മറ്റു വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെയും പരിശോധനക്ക് 100 റിയാലും പുനഃപരിശോധനക്ക് 33 റിയാലുമാണ് ബാധകം.
15 മുതല്‍ 30 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, ആകെ ഭാരം അഞ്ചു ടണ്ണില്‍ കവിയാത്ത മിനിബസുകളുടെയും ആകെ ഭാരം മൂന്നര ടണ്‍ മുതല്‍ 12 ടണ്‍ വരെയുള്ള ചരക്കു വാഹനങ്ങളുടെയും പരിശോധനക്ക് 141 റിയാലും തകരാറുകള്‍ തീര്‍ത്ത ശേഷമുള്ള പുനഃപരിശോധനക്ക് 47 റിയാലുമാണ് ഫീസ് നല്‍കേണ്ടത്. മൂന്നര ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള, എന്‍ജിനുകളില്ലാതെ മറ്റു വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെയും ട്രെയിലര്‍ ഹെഡുകളുടെയും പരിശോധനക്ക് 184 റിയാലും പുനഃപരിശോധനക്ക് 61 റിയാലും ഫീസ് നല്‍കണം. 30 ല്‍ കൂടുതല്‍ സീറ്റുകളുള്ള, ആകെ ഭാരം അഞ്ചു ടണ്ണില്‍ കൂടിയ ബസുകളുടെയും 12 ടണ്ണില്‍ കൂടുതല്‍ ആകെ ഭാരമുള്ള ചരക്ക് വാഹനങ്ങളുടെയും ഹെവി എക്വിപ്‌മെന്റുകളുടെയും പരിശോധനക്ക് 205 റിയാലും പുനഃപരിശോധനക്ക് 68 റിയാലുമാണ് ഫീസ് നല്‍കേണ്ടത്. ഇരുചക്ര ബൈക്കുകള്‍ പരിശോധിക്കാന്‍ 45 റിയാലും പുനഃപരിശോധനക്ക് 15 റിയാലും മുച്ചക്ര ബൈക്കുകളും നാലുചക്ര (ക്വാഡ്) ബൈക്കുകളും പരിശോധിക്കാന്‍ 50 റിയാലും പുനഃപരിശോധനക്ക് 17 റിയാലുമാണ് ഫീസ് നല്‍കേണ്ടത്.

 

 

Latest News