തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. വിഴിഞ്ഞം പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളി വിരുദ്ധ സമീപനവും സ്വീകരിച്ചിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
തുറമുഖ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് കപ്പലുകളെത്തിക്കുക തന്നെ ചെയ്യും. തുറമുഖം പൂര്‍ത്തിയാക്കുകയെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. നിര്‍മാണത്തിനു ചെറിയ തടസ്സങ്ങളുണ്ടെങ്കിലും അവ മാറും. തുറമുഖ വിരുദ്ധസമര സമിതി ഉന്നയിച്ച ആറു ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തണമെന്ന് പറയുമ്പോള്‍ അത് സമരമല്ല മറ്റെന്തോ ആണെന്നു മന്ത്രി പറഞ്ഞു.
കോടതി പറയുന്നതുപോലെ സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിയും. എന്നാല്‍, ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ പരിഹാരത്തിനു ശ്രമിക്കുകയാണ്. കേരളം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വികസനത്തെ തടസ്സപ്പെടുത്തിയാല്‍ സംസ്ഥാനം പിന്നോട്ടു പോകും. ഗെയ്ല്‍ പൈപ്പ് ലൈന്‍ അടക്കമുള്ള വലിയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കി. കേരളത്തില്‍ കൃഷിയും മറ്റു വരുമാനങ്ങളും ഇല്ലാതാകുകയാണ്. പുതിയ നികുതി വരുമാനം ഉണ്ടാകണം. ജനങ്ങള്‍ക്കായി പുതിയ കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ ഖജനാവില്‍ പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.