കോഴിക്കോട് - ക്ലാസിനിടെ മൈക്ക് ഓഫായതോടെ മൂർഖൻ പാമ്പിനെ മൈക്കിന് പകരമാക്കി പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിന്റെ സംസാരം. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം. നടപടിക്കെതിരെ പലരും രംഗത്തുവന്നതോടെ സംഭവം വിവാദത്തിലായിരിക്കുകയാണ്. ക്ലിനിക്കൽ നഴ്‌സിങ് എഡ്യുക്കേഷനും നഴ്‌സിങ് സർവീസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്.
പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം ജീവനുള്ള പാമ്പിനെ വാവ സുരേഷ് മുമ്പിൽ വെക്കുകയാണുണ്ടായതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറയുന്നു. ചിലർ ഇത് ഫോട്ടോസഹിതം ഫേസ്ബുക്കിൽ കുറിക്കുകയുമുണ്ടായി. വാവയുടെ നടപടിക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്.
അതിനിടെ, മെഡിക്കൽ കോളജ് പോലൊരു സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർഗങ്ങൾ പിന്തുടരാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായില്ലെന്നും വിമർശമുണ്ട്. വാവ സുരേഷ് ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്നും ആളുകളുടെ കയ്യടിക്കുവേണ്ടി വലിയ അപകടം വിളിച്ചുവരുത്തുന്ന നടപടികളാണിവയെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പാമ്പ് പിടുത്തത്തിലും മറ്റുമായുള്ള വാവയുടെ സേവനത്തെ വളരെ മഹത്തരമായി കാണുമ്പോഴും വാവയുടെ ഇത്തരം പ്രകടനങ്ങൾ അതിരുവിട്ടതാണെന്നും ഇതിനെ പ്രോത്സാഹിപ്പിച്ചാൽ വലിയ ദുരന്തമാകുമെന്നും ആളുകൾ ഓർമിപ്പിക്കുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്ന ഇത്തരം കുപ്രസിദ്ധികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
നിരവധി തവണ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന് കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂരിൽനിന്നാണ് ഏറ്റവും ഒടുവിൽ പാമ്പ് കടിയേറ്റത്. പിടിച്ച പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വാവയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏറെ ദിവസത്തെ ന്യൂറോ-കാർഡിയാക് വിദഗ്ധരുടെ ചികിത്സയ്ക്ക് ശേഷമാണ് വളരെ അപകടകരമായ അവസ്ഥയിൽനിന്ന് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത്. ആയതിനാൽ പാമ്പുകളെ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും അനിവാര്യമാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു.