തൃശൂര്‍- കെ റെയില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിട്ടില്ലെന്നും നിലവില്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കെ. രാജന്‍. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിനായിട്ടാണ് നിലവില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 31നും പുറപ്പെടുവിച്ച ഉത്തരവുകളില്‍ സാമൂഹികാഘാത പഠനത്തിലേക്ക് പോകുമ്പോഴും ഭൂമിയേറ്റെടുക്കാനുള്ള റെയില്‍വേയുടെ അനുമതിക്ക് ശേഷമേ കടക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമിയേറ്റെടുക്കല്‍ യൂനിറ്റുകള്‍ റെയില്‍വേയുടെ അന്തിമാനുമതിക്ക് ശേഷം മാത്രം മതിയെന്നതു കൊണ്ട് പുനക്രമീകരിക്കുകയാണ് ചെയ്തത്. ഭൂമിയുടെയും പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളെ കേള്‍ക്കുകയുമാണ് നടപടിക്രമം. ഭൂമിയേറ്റെടുക്കലിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ അനുമതി ലഭിക്കണം. റെയില്‍വേ ഇനിയും പൂര്‍ണ അനുമതി നല്‍കിയിട്ടില്ല. അതുവരെ ഉദ്യോസ്ഥരെ മറ്റു ചുമതലകള്‍ക്ക് വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ആശയവിനിമയത്തില്‍ സെമി സ്പീഡ് കോറിഡോറിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ തുടര്‍ന്നാണ് കെ റെയില്‍ പദ്ധതിയിലേക്ക് കേരളം കടന്നത്. എന്നാല്‍ ഇതുവരെയും അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എയിംസ് അടക്കമുള്ള പല വാഗ്ദാനങ്ങളും കേന്ദ്രം നല്‍കിയത് പാലിക്കപ്പെട്ടിട്ടില്ല. വന്ദേഭാരത് ട്രെയിന്‍ കേവലം ഇപ്പോള്‍ വെറും പ്രഖ്യാപനം മാത്രമാണ്. ഇതിലും വ്യക്തത വരുത്തട്ടെ. കെറെയില്‍ നിന്ന് പിറകിലേക്ക് പോകാന്‍ സര്‍ക്കാരോ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണിയോ തീരുമാനിച്ചിട്ടില്ല. റെയില്‍വേയുടെ അനുമതി ലഭിച്ച ശേഷം ആ നടപടികളിലേക്ക് പോകുന്നുള്ളൂവെന്ന് വ്യക്തമായതിനാല്‍ ഇപ്പോള്‍ ചുമതലയിലുള്ളവരെ അടിയന്തരമായി നിര്‍വഹിക്കേണ്ട തിരുവനന്തപുരത്തെ റിങ്‌റോഡ് ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള മറ്റ് ചുമതലകളിലേക്ക് നിയോഗിക്കുന്നതിനാണ് തിരികെ വിളിപ്പിച്ചത്. റെയില്‍വേയുടെ അനുമതി ലഭിമാകുന്ന സാഹചര്യത്തില്‍ അപ്പോള്‍ വീണ്ടും ക്രമീകരണം നടത്തുമെന്നും പദ്ധതിയില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും കെ.രാജന്‍ അറിയിച്ചു.