ആറു രാജ്യങ്ങളില്‍ ഓപറേഷന്‍, വന്‍ ലഹരിസംഘത്തെ തകര്‍ത്ത് ദുബായ് പോലീസ്

ദുബായ് - ഭൂഖണ്ഡത്തിലെ കൊക്കെയ്ന്‍ ലഹരിമരുന്ന് വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന യൂറോപ്യന്‍ സംഘത്തെ പോലീസ് തകര്‍ത്തു. ആറു രാജ്യങ്ങളിലായി നടത്തിയ ഓപ്പറേഷനില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഈ മാസം എട്ടു മുതല്‍ 19 വരെ യൂറോപ്പിലും യു.എ.ഇയിലും നടത്തിയ ഓപ്പറേഷന്‍ ഡെസേര്‍ട്ട് ലൈറ്റ് എന്ന് പേരിട്ട അന്വേഷണത്തില്‍ 49 പ്രതികളെ അറസ്റ്റ് ചെയ്തതായി യൂറോ പോള്‍ പറഞ്ഞു. യൂറോപ്പിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ലോജിസ്റ്റിക്കല്‍ ലഹരിമരുന്ന് കടത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെ പോലീസ് സേന ലക്ഷ്യം വച്ചതായി ഏജന്‍സി പറഞ്ഞു.
രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതില്‍ എമിറേറ്റ്‌സ് പ്രധാന പങ്കുവഹിച്ചുവെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. എല്ലായിടത്തും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ലോകത്തെങ്ങുമുള്ള വിവിധ പോലീസ് ഏജന്‍സികളുമായി ശക്തമായ ബന്ധം വികസിപ്പിക്കാന്‍ യു.എ.ഇ ശ്രദ്ധാലുവാണ്. ആഭ്യന്തര മന്ത്രാലയവും ദുബായ് പോലീസ് ജനറല്‍ കമാന്‍ഡും ഈ അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News