ദമാം- പെണ്‍കുട്ടികളെ പഠിപ്പിക്കുന്നവര്‍ അവരെ ജോലിക്കയക്കാന്‍ തയാറാകണമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ഷാജിയുടെ ആഹ്വാനം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ദമാമില്‍ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിലാണ് ഉയര്‍ന്ന വിദ്യഭ്യാസം നേടുന്ന പെണ്‍കുട്ടികളെ ജോലിക്കയക്കക്കാന്‍ തയാറാകണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം. കല്യാണം കഴിപ്പിച്ചയക്കാനാണോ പെണ്‍മക്കളെ ഇങ്ങനെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
19 വയസ്സാകുമ്പോള്‍ ആണ്‍മക്കള്‍ക്ക് പാസ്‌പോര്‍ട്ടെടുത്ത് കഫ്റ്റീരിയ നോക്കി നടത്തുവാന്‍ കൊണ്ടുവരുന്നവര്‍ എന്തുകൊണ്ട് പെണ്‍മക്കളെ കൊണ്ടുവരുന്നില്ല. ആണ്‍കുട്ടികളേക്കാള്‍ സമര്‍ഥമായി പെണ്‍കുട്ടികള്‍ ജോലി ചെയ്യും. അവരെ കെട്ടിച്ചയക്കണമെന്ന മറുവാദം ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിലെ നിയോം വികസനവും അതിനെ പരിചയപ്പെടുത്താന്‍ ഒരു പെണ്‍കുട്ടി പറുന്നുവരുന്ന ചിത്രമാണ് കാണിക്കുന്നതെന്നും ഷാജി എടുത്തു പറഞ്ഞു. റിയാദിലും ജിദ്ദയിലും നിങ്ങള്‍ ജോലി ചെയ്യുന്ന കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നിരാശരാകുന്നത് എന്തിനാണ്. പുതിയ അപ്‌ഡേഷനാണ് നടക്കുന്നത്.
നാളെ നിയോം വരും. പുതിയ സാധ്യതകള്‍ വരും. സ്ത്രീകള്‍ എത്ര മനോഹരമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പെണ്‍കുട്ടികളുടെ ബ്ലോഗുകളും യുട്യൂബുകളും പരിശോധിക്കണമെന്നും അവരെ രാജ്യത്തിന്റേയും സമൂഹത്തിന്റേയും കരുത്താക്കി മാറ്റണമെന്ന് കെ.എം. ഷാജി പറഞ്ഞു.
കണ്ണൂരിലെ സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സവിശേഷതകള്‍ കോഴിമുട്ടകൊണ്ട് മാല ഉണ്ടാക്കുന്ന കാര്യം പറഞ്ഞു കൊണ്ട് അദ്ദേഹം വിശദീകരിച്ചു.
തലശ്ശേരിയില്‍നിന്ന് ഒരു സ്ത്രീ യു.കെയിലെ നാല് ഹോട്ടലുകളിലെ ഷെഫ് കണ്‍സള്‍ട്ടന്റാണ്. എട്ട് ലക്ഷം രൂപയാണ് ജോലി. പെണ്‍മക്കളെ പഠിപ്പിക്കുന്നത് വെറുതെയാക്കരുത്- അദ്ദേഹം പറഞ്ഞു.