- കഴിഞ്ഞ 50 വർഷത്തെ സമരങ്ങളിലുണ്ടായ നഷ്ടം സി.പി.എമ്മിൽ നിന്ന് ഈടാക്കിയാൽ എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും നികത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം - സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിൽ പദ്ധതി പിൻവലിക്കുന്നുവെന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് സർക്കാർ അക്കാര്യം തുറന്നുപറയാത്തതെന്നും അദ്ദേഹം പരിഹസിച്ചു. കെ റെയിലിൽനിന്ന് സർക്കാർ പിൻവാങ്ങുന്നത് സംബന്ധിച്ച പുതിയ ഉത്തരവുകൾക്കു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
വിഴിഞ്ഞത്തുണ്ടായ എല്ലാ സംഭവങ്ങൾക്കും ഉത്തരവാദിത്തം സർക്കാരിനാണ്. ഇത് രാജഭരണമാണോ? തീരദേശത്തെ പാവങ്ങളെ ചർച്ചക്ക് വിളിക്കാൻ എന്തിനാണ് സർക്കാർ ഈഗോ കാണിക്കുന്നത്. ആക്രമണത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ, അദാനിക്കുണ്ടായ നഷ്ടം ലത്തീൻ സഭയിൽ നിന്ന് ഈടാക്കണമെന്ന് പറഞ്ഞാൽ അത് ന്യായീകരിക്കാനാകില്ല. കഴിഞ്ഞ 50 വർഷം വിവിധ സമരങ്ങളിൽ നിന്നുണ്ടായ നഷ്ടം സി.പി.എമ്മിൽ നിന്ന് ഈടാക്കേണ്ടിവരും. എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും സി.പി.എം സമരങ്ങൾ കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങൾ നികത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.