പട്ടിണിക്കിട്ടും ജാതിപ്പേരു വിളിച്ചും പീഡനം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ പരാതി

നിലമ്പൂര്‍-ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടും ജാതിപ്പേരു വിളിച്ചും യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കി. എറണാകുളം സ്വദേശി താഴൂപ്പറമ്പില്‍ രമ്യ ഗോപിയാണ് എടക്കര പാലാങ്കര സ്വദേശിയായ ഭര്‍ത്താവ് പുറ്റാനിക്കാട് അജീഷി (40) നെതിരെ പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.  ഭര്‍തൃവീട്ടില്‍ അവശയായി കിടന്ന
യുവതിയെ എറണാകുളത്ത് നിന്നു ബന്ധുക്കളെത്തിയാണ് ശനിയാഴ്ച നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
തിരുവനന്തപുരത്തു ജോലിയുള്ള യുവതി രണ്ടാഴ്ച മുമ്പാണ് പാലാങ്കരയിലെ ഭര്‍തൃവീട്ടിലെത്തിയത്. രണ്ടാഴ്ചയായി ഇവര്‍ക്ക് വീട്ടില്‍ ഭക്ഷണമുണ്ടാക്കി നല്‍കുകയോ ഉണ്ടാക്കാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ലെന്നു പറയുന്നു. അതിനിടെ
പല തവണ  യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പലപ്പോഴായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ രാത്രിയാണ് ആശുപത്രിയില്‍  ഡിസ്ചാര്‍ജ് ചെയ്തത്. ഇന്നലെ  പൂക്കോട്ടുംപാടം സ്‌റ്റേഷനിലെത്തി പോലീസില്‍ മൊഴി നല്‍കി.

 

 

 

Latest News