Sorry, you need to enable JavaScript to visit this website.

ലൈസൻസില്ലാതെ ഹറമിൽ ഇഫ്താർ വിതരണം ചെയ്യുന്നതിന് വിലക്ക്

ഹറം ഇഫ്താർ പരസ്യം പാടില്ലെന്നും ഗവർണറേറ്റ്

മക്ക- ബന്ധപ്പെട്ട കമ്മിറ്റിയിൽ നിന്ന് അനുമതി നേടാതെ വിശുദ്ധ റമദാനിൽ ഹറമിന്റെ മുറ്റങ്ങളിൽ ഇഫ്താറും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്യുന്നതിനെതിരെ മക്ക ഗവർണറേറ്റ് മുന്നറിയിപ്പ് നൽകി. ഹറമിന്റെ മുറ്റങ്ങളിൽ ഇഫ്താർ വിതരണവുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഹറമിന്റെ മുറ്റങ്ങളിൽ ഇഫ്താർ വിതരണം ചെയ്യുന്നതിന് മക്ക ഗവർണറേറ്റിനു കീഴിലെ സിഖായ കമ്മിറ്റിയിൽ നിന്ന് മുൻകൂട്ടി അനുമതി തേടൽ നിർബന്ധമാണ്. ഇക്കാര്യത്തിൽ ഹറംകാര്യ വകുപ്പുമായി ഏകോപനം നടത്തുകയും വേണം. 
ഹറമിൽ ഇഫ്താർ വിതരണത്തിന് ലൈസൻസ് നൽകുന്നതിന് അധികാരമുള്ള ഏക വകുപ്പ് സിഖായ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയിൽ നിന്നുള്ള ലൈസൻസില്ലാതെ ഹറമിൽ ഭക്ഷണ വിതരണം അനുവദിക്കില്ല. ഇഫ്താർ വിതരണത്തെ കുറിച്ച പരസ്യങ്ങൾ നിയമ ലംഘനമാണ്. ഇഫ്താർ വിതരണ ലൈസൻസ് നൽകുന്നതിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനകം 21 അംഗീകൃത ചാരിറ്റബിൾ സൊസൈറ്റികൾക്ക് ഇഫ്താർ വിതരണത്തിന് ലൈസൻസ് നൽകിയിട്ടുണ്ട്. തീർഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ മുൻനിർത്തി ഹറമിൽ വിതരണം ചെയ്യുന്ന ഇഫ്താർ ആരോഗ്യ, സുരക്ഷാ നിരീക്ഷണങ്ങൾക്ക് വിധേയമാക്കും.  കഴിഞ്ഞ വർഷത്തെ റമദാൻ കാലത്ത് സിഖായ കമ്മിറ്റി ഹറമിന്റെ മുറ്റങ്ങളിൽ ദശലക്ഷക്കണക്കിന് ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ, മക്കയിലെ മറ്റു മസ്ജിദുകളിൽ രണ്ടര കോടിയിലേറെ ഇഫ്താർ പാക്കറ്റുകളും മക്കയുടെ പ്രവേശന കവാടങ്ങളിലെ പാർക്കിംഗുകളിൽ 1,80,000 ഇഫ്താർ പാക്കറ്റുകളും കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ 8,90,000 പാക്കറ്റ് ഇഫ്താറുകളും വിതരണം ചെയ്തിരുന്നു.
 

Latest News