കട്ടപ്പന- ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് സംഭവം. സംഘര്‍ഷത്തിനിടെ നിലത്തുവീണ രാജുവിന്റെ തലക്ക് ക്ഷതമേല്‍ക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ഇരുവരും രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട രാജുവിന്റെ മകന്‍ രാഹുല്‍ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രക്കായി എടുത്തിരുന്നു. യാത്രക്കിടെ വാഹനത്തിന് കേടുപാട് പറ്റി. ഇത് അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛന്‍ രാജുവും സമ്മതിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വൈകിയതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് രാജുവിന് പരിക്കേറ്റത്.