തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖം തടസപ്പെടുത്തിയതോടെ ഉണ്ടായ നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം ഇരുന്നൂറ് കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷമാണ് സര്‍ക്കാരിനെ സമരക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പദ്ധതി പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായി പോലീസ് സാന്നിദ്ധ്യം ശക്തമാക്കും. ഇതിനായി അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെവി വാഹനങ്ങള്‍ കയറ്റിവിടാമെന്നും നിര്‍മ്മാണം തടയില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്ന് ഹൈക്കോടതി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും പോലീസിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം പരസ്യമായി ലംഘിക്കപ്പെട്ടത്. തുറമുഖത്തെ അനുകൂലിക്കുന്നവരെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്. തുറമുഖത്തിന് അനുകൂലമായി പന്തല്‍ കെട്ടി സമരം നടത്തുകയിരുന്ന നാട്ടുകാരടക്കമുള്ളവരെ സമരക്കാര്‍ അടിച്ചോടിച്ചു. അനുകൂല സമരത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.ഓമനയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓമന തിരുവനന്തപുരം ജന.ആശുപത്രിയില്‍ ചികിത്സയിലാണ്.