ജയ്പൂർ - ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കൂട്ടായ യത്‌നത്തിനെതിരെ ഒറ്റയാനായി പൊരുതിയ ജോസ് ബട്‌ലർ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. പതിനൊന്നോവറിൽ ഒന്നിന് നൂറിലെത്തി വൻ കുതിപ്പിനൊരുങ്ങിയ ചെന്നൈയെ നാലിന് 176 ലൊതുക്കിയ രാജസ്ഥാന്റെ ബൗളർമാരാണ് വിജയത്തിന് അവസരമൊരുക്കിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ ഒടുക്കം വരെ ബട്‌ലറുടെ (60 പന്തിൽ 95 നോട്ടൗട്ട്) പടയോട്ടമായിരുന്നു. ഒരു പന്ത് ശേഷിക്കെ രാജസ്ഥാൻ നാല് വിക്കറ്റിന് ജയിച്ചു. സ്‌കോർ: ചെന്നൈ നാലിന് 176, രാജസ്ഥാൻ 19.5 ഓവറിൽ ആറിന് 177.
ബട്‌ലറുടെ തുടർച്ചയായ നാലാം അർധ ശതകമാണ് ഇത്. ഓപണറുടെ വേഷം കെട്ടിയ ബെൻ സ്റ്റോക്‌സിനെയും (11) ക്യാപ്റ്റൻ അജിൻക്യ രഹാനെയെയും (4) എളുപ്പം നഷ്ടപ്പെട്ടെങ്കിലും ബട്‌ലർ മറുവശത്ത് ആക്രമണം തുടർന്നു. 26 പന്തിൽ അർധ ശതകം പിന്നിട്ടു. മൂന്നാം വിക്കറ്റിൽ സഞ്ജു സാംസണും (22 പന്തിൽ 21) അഞ്ചാം വിക്കറ്റിൽ സ്റ്റുവാർട് ബിന്നിയുമാണ് (17 പന്തിൽ 22) ബട്‌ലർക്ക് ചെറിയ പിന്തുണയെങ്കിലും നൽകിയത്. സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. ഡ്വയ്ൻ ബ്രാവൊ എറിഞ്ഞ അവസാന ഓവറിൽ 12 റൺസ് വേണമായിരുന്നു രാജസ്ഥാന് ജയിക്കാൻ. നാലാമത്തെ പന്ത് ബട്‌ലർ സിക്‌സറിനുയർത്തി. അടുത്ത പന്തിൽ വിജയം പൂർത്തിയാക്കുകയും ചെയ്തു.
സുരേഷ് റയ്‌നയുടെ അർധ ശതകമാണ് (35 പന്തിൽ 52) ചെന്നൈ ഇന്നിംഗ്‌സിന് തുടക്കത്തിൽ കുതിപ്പേകിയത്. ഷെയ്ൻ വാട്‌സൻ (31 പന്തിൽ 39) ക്യാപ്റ്റൻ മഹേന്ദ്ര ധോണി (23 പന്തിൽ 33 നോട്ടൗട്ട്) സാം ബില്ലിംഗ്‌സ് (22 പന്തിൽ 27) എന്നിവരും മികച്ച പ്രകടിപ്പിച്ചെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ചെന്നൈക്കു സാധിച്ചില്ല. അവസാന ഏഴോവറിൽ 57 റൺസ് മാത്രമാണ് അവർ സ്‌കോർ ചെയ്തത്.