പിലാത്തറ-ശബരിമലക്ക് പോകാന്‍ കറുപ്പുടുത്ത് മാലയിട്ട സ്വാമിമാര്‍ ജുമാമസ്ജിദിലെത്തി നടത്തിയ പായസം വിതരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള മണ്ടൂര്‍ ജുമാമസ്ജിദില്‍ നടന്ന പായസ വിതരണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. ശബരിമലക്ക് പോകാന്‍ തയാറെടുത്ത 14 അയ്യപ്പ ഭക്തരാണ് പായസ വിതരണത്തിനു മുന്നിട്ടിറങ്ങിയത്. വെള്ളിയിാഴ്ച രാവിലെ പള്ളിയിലെത്തിയ സ്വാമിമാര്‍ ജുമാ മസ്ജിദ് ഖത്തീബിനോട് ജുമുഅ നമസ്‌കിക്കാനെത്തുന്നവര്‍ക്ക് പായസം വിതരണം ചെയ്യാന്‍ അനുമതി തേടുകയായിരുന്നു. അദ്ദേഹം സന്തോഷത്തോടെ അനുമതി നല്‍കി. വിവരമറിഞ്ഞ പ്രദേശത്തെ മുതിര്‍ന്നവരടക്കം എല്ലാവരും ഹിന്ദു സ്വാമിമാരുടെ സ്‌നേഹ നടപടിയെ പ്രശംസിച്ചു.
മനുഷ്യരെ പരസ്പരം അകറ്റുന്നതിന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് പള്ളിയില്‍ ഹിന്ദു സഹോദരന്മാര്‍ നടത്തിയ പായസ വിതരണം വ്യാപകമായി പ്രശംസിക്കപ്പെടുന്നു.