തിരുവനന്തപുരം- വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് സജ്ജരാകുന്നു. സമരാനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ പോലീസിന് നിര്‍ദേശം. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശിച്ചു. വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. തുടര്‍ സമരപരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര വിശ്വാസികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.