ടീമുകൾ, സാധ്യതകൾ ഗ്രൂപ്പ് ബി: പോർചുഗൽ
പോർചുഗലിന്റെ സുവർണ തലമുറക്ക് സാധിക്കാത്ത നേട്ടം സ്വന്തമാക്കിയാണ് ക്രിസ്റ്റിയാനൊ റൊണാൾഡോയും കൂട്ടരും റഷ്യയിലേക്ക് വരുന്നത്. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരാണ് അവർ. പോർചുഗലിന്റെ ചരിത്രത്തിലെ ആദ്യ കിരീടം. ലോകകപ്പും സ്വന്തമാക്കി അവർ ചരിത്രം സൃഷ്ടിക്കുമോ?
പതിഞ്ഞ തുടക്കത്തിനു ശേഷം ക്രിസ്റ്റിയാനൊ റയൽ മഡ്രീഡിൽ ഉജ്വല ഫോമിലാണ്. എന്നാൽ ലോകകപ്പിൽ വിജയം ആവർത്തിക്കാൻ ക്രിസ്റ്റിയാനൊ മാത്രം പോരെന്നും കൂടെ ഒരുപാട് പേർ കൈകോർക്കേണ്ടതുണ്ടെന്നും പോർചുഗലിന് അറിയാം. സ്‌പെയിനും പോർചുഗലും ഒരേ ഗ്രൂപ്പിലാണെങ്കിലും ക്രിസ്റ്റിയാനോക്ക് പരമാവധി വിശ്രമം നൽകണമെന്ന പോർചുഗലിന്റെ അഭ്യർഥന സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രീഡ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. യൂറോ കപ്പ് നേടിയ ടീം തന്നെയാണ് ഇപ്പോഴും പോർചുഗലിന് വേണ്ടി പൊരുതുന്നത്. നാനിയും അന്ന് വളർന്നുവരുന്ന പ്രതിഭയായി വാഴ്ത്തപ്പെട്ട റെനാറ്റൊ സാഞ്ചസുമാണ് പ്രധാന അഭാവം.
കോച്ച്
ഗ്രീസിൽ നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച ഫെർണാണ്ടൊ സാന്റോസ് 2010 ൽ ഗ്രീസിന്റെ ദേശീയ കോച്ചായി. 2014 ലെ ലോകകപ്പിൽ പോർചുഗൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ സാന്റോസിന്റെ പരിശീലനത്തിൽ ഗ്രീസ് നോക്കൗട്ടിലേക്ക് മുന്നേറി. പോർചുഗലിൽ പോർടൊ, സ്‌പോർടിംഗ് ലിസ്ബൺ, ബെൻഫിക്ക തുടങ്ങി മുൻനിര ടീമുകളുടെ കോച്ചായിരുന്നു.
ഗോൾകീപ്പർമാർ
യൂറോ 2016 ലെ സെമി ഫൈനലിലും ഫൈനലിലും ഗോൾ വഴങ്ങാതിരുന്ന റൂയി പാട്രിഷ്യൊ തന്നെയാവും ഗോൾവലക്കു മുന്നിൽ. ആന്റണി ലോപസ്, ബെറ്റൊ, ബ്രൂണൊ വരേല എന്നിവരിലാരെങ്കിലും റിസർവ് ഗോളിമാരായുണ്ടാവും.
ഡിഫന്റർമാർ
2008 യൂറോ മുതൽ പെപ്പെയും ബ്രൂണൊ ആൽവേസുമാണ് പ്രതിരോധത്തെ നയിക്കുന്നത്. സെഡ്രിക് സോറസ് വലതു വിംഗിലും ബൊറൂഷ്യ ഡോർട്മുണ്ടിന്റെ റഫായേൽ ഗുരേരൊ ഇടതു വിംഗിലുമുണ്ടാവും. യൂറോ 2016 ൽ ടീമിലില്ലാതിരുന്ന ഫാബിയൊ കോൺട്രാവൊ തിരിച്ചെത്തിയിട്ടുണ്ട്. ബാഴ്‌സലോണയുടെ നെൽസൺ സമേദൊ, നാപ്പോളിയുടെ മാരിയൊ റൂയി എന്നിവരും വിംഗുകളിൽ പരിഗണിക്കപ്പെട്ടേക്കും.
മിഡ്ഫീൽഡർമാർ
ജോവോ മാരിയോയും വില്യം കാർവാലോയുമായിരിക്കും ഡിഫൻസിവ് മിഡ്ഫീൽഡിൽ. ആന്ദ്രെ ഗോമസ്, അഡ്രിയെൻ സിൽവ, ജോവോ മോടിഞ്ഞൊ എന്നിവരിലൊരാൾ ബെർണാഡൊ സിൽവക്കൊപ്പം അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോൾ ഏറ്റെടുക്കും. ഡിഫൻസിവ് മിഡ്ഫീൽഡർ ഡാനിലൊ പെരേരക്ക് പരിക്കാണ്.
ഫോർവേഡുകൾ
റയൽ മഡ്രീഡിൽ ജനുവരി മുതൽ ഗോളടിച്ചു കൂട്ടുകയാണ് ക്രിസ്റ്റിയാനൊ. പോർചുഗൽ മൂന്നാം സ്ഥാനം നേടിയ 2017 ലെ കോൺഫെഡറേഷൻസ് കപ്പിൽ അരങ്ങേറിയ ഇരുപത്താറുകാരൻ ആന്ദ്രെ ഡിയാസായിരിക്കും ആക്രമണ പങ്കാളി. റെക്കാഡൊ ക്വാറസ്മ ടീമിനു പുറത്താണ്. യൂറോ ഫൈനലിന്റെ എക്‌സ്ട്രാ ടൈമിൽ വിജയ ഗോളടിച്ച എഡറും ടീമിലെത്താൻ സാധ്യത കുറവാണ്.
മത്സരങ്ങൾ
ജൂൺ 15 ന് സ്‌പെയിനിനെതിരെ പ്രയാസകരമായ പോരാണ് പോർചുഗലിന്. ക്രിസ്റ്റിയാനോയെ സംബന്ധിച്ചിടത്തോളം റയലിലെ കൂട്ടുകാർ മുഴുവൻ അപ്പുറത്തുണ്ടാവും. 20 ന് മൊറോക്കോയെയും 25 ന് ഇറാനെയും നേരിടും.