തിരുവനന്തപുരം- കൊലപ്പെടുത്താന്‍ രാസവസ്തു നല്‍കിയതിനെത്തുടര്‍ന്നു തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും മരണത്തിന്റെ വക്കിലെത്തിയെന്നും സരിത എസ് നായര്‍. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവില്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്നും സരിത പറയുന്നു.
കൊലപാതകശ്രമത്തിനെതിരെ സരിത നല്‍കിയ പരാതിയില്‍ നാലു മാസത്തെ അന്വേഷണത്തിന് ശേഷം കഴിഞ്ഞ ദിവസം പോലീസ് സരിതയുടെ മുന്‍ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. 'രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജ്യൂസ് കടയില്‍ വച്ചാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്.
സാമ്പത്തിക ലക്ഷ്യത്തോടെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോതെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായുംസരിത പറയുന്നു.