Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫസൽ വധം: കോടിയേരി ഇടപെട്ടുവെന്ന  വെളിപ്പെടുത്തൽ വിവാദമാകുന്നു

കണ്ണൂർ - ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇടപെട്ട് ഫസൽ കൊലക്കേസിൽ അന്വേഷണം നിർത്തിവെപ്പിച്ചുവെന്ന അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ വിവാദമാവുന്നു. ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കേസ് ആദ്യം അന്വേഷിച്ച തലശ്ശേരി സി.െഎയായിരുന്ന രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. ഇത് നിരസിച്ചതിനു പാർട്ടി ഗ്രാമത്തിൽ വെച്ച് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമർദ്ദനത്തിനിരയാക്കിയെന്നും രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിലുണ്ട്. ഈ വെളിപ്പെടുത്തലോടെ ഫസൽ വധക്കേസിൽ സി.പി.എം നേതൃത്വം വീണ്ടും പ്രതിക്കൂട്ടിലായി. 
ഫസൽ വധക്കേസിൽ അന്വേഷണം സി.പി.എം പ്രാദേശിക നേതൃത്വത്തിലേക്കു എത്തുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, തന്നെ കണ്ണൂരിലേക്കു വിളിപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയതെന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തുന്നു. ഫസൽ വധം നടക്കുമ്പോൾ തലശ്ശേരി സി.ഐയായിരുന്ന രാധാകൃഷ്ണനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവം നടന്ന ദിവസം കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ ഉണ്ടായിരുന്നു. ഫസലിന്റെ മൃതദേഹം രാവിലെ ഏഴു മണിയോടെ തലശ്ശേരി ഗവ.ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചപ്പോൾ കോടിയേരി അവിടെയെത്തുകയും കൊല നടത്തിയത് ആർ.എസ്.എസാണെന്ന് മാധ്യമ പ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും മുമ്പേയുള്ള ആഭ്യന്തര മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ അന്നു തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് കേസന്വേഷണം ആരംഭിച്ച് ഏറെ കഴിയും മുമ്പേ, അന്വേഷണം സി.പി.എം നേതാവായ കാരായി ചന്ദ്രശേഖരനിലേക്കു നീങ്ങുന്ന സമയത്തായിരുന്നു കോടിയേരി ഇദ്ദേഹത്തെ വിളിച്ച് അന്വേഷണം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്. 
ഇത് പൂർണമായും അനുസരിക്കാൻ തയ്യാറാവാത്തതിനെത്തുടർന്നാണ് മാസങ്ങൾക്കു ശേഷം തളിപ്പറമ്പ് കൂവോട്ടെ പാർട്ടി ഗ്രാമത്തിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ രാധാകൃഷ്ണനെ, സി.പി.എം പ്രവർത്തകർ വീട് വളഞ്ഞ് അനാശാസ്യ പ്രവർത്തനം നടത്തിയെന്നു പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും തളിപ്പറമ്പിലെ ചില മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ രാധാകൃഷ്ണനു മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടിവന്നു. പിന്നീട് പ്രമോഷൻ ലഭിച്ച ഇദ്ദേഹം അടുത്തിടെയാണ് എസ്.പിയായി സർവീസിൽ നിന്നും വിരമിച്ചത്. 
കേസിൽ പോലീസ് അന്വേഷണം നിലച്ചതിനെത്തുടർന്ന,് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലും സംഭവത്തിനു പിന്നിൽ സി.പി.എം നേതാക്കളാണെന്നാണ് കണ്ടെത്തിയത്. 
കാരായി രാജനും കാരായി ചന്ദ്രശേഖരനും പിടിയിലാവുന്നത് ഇതോടെയാണ്. വർഷങ്ങളായി ഇരുവർക്കും കണ്ണൂരിൽ പ്രവേശിക്കുന്നതിനു വിലക്കും ഉണ്ട്. സി.പി.എം അധികാരത്തിലെത്തിയ ശേഷം തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, കണ്ണൂർ ഡിവൈ.എസ്.പി പി.പി സദാനന്ദൻ എന്നിവർ ചേർന്ന് സുഭീഷ് എന്ന ആർ.എസ്.എസ് പ്രവർത്തകനെ കസ്റ്റഡിലെടുത്ത് ക്രൂര മർദ്ദനത്തിനിരയാക്കി ഫസലിനെ കൊന്നത് താനടക്കമുള്ളവരാണെന്ന് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോൾ, കസ്റ്റഡിയിൽ നടന്ന ക്രൂരമർദ്ദനത്തെക്കുറിച്ച് രഹസ്യ മൊഴി നൽകുകയും അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമർദ്ദനത്തിനിരയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കുറ്റ വിമുക്തരാക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം നേതൃത്വം ആസൂത്രണം ചെയ്ത് പോലീസിനെ ഉപയോഗിച്ചു നടത്തിയ നീക്കമാണിതെന്നായിരുന്നു ബി.ജെ.പി നേതൃത്വം ആരോപിച്ചിരുന്നത്. 

 

Latest News